കൊല്ലം: ഉത്ര കൊലപാതകകേസിൽ അറസ്റ്റിലായ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. 
കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വർണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാൻ ശ്രമിക്കുന്നത്. 37 അര പവൻ സ്വർണ്ണം സൂരജിന്‍റെ പുരയിടത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സുരേന്ദ്രൻ സമ്മതിച്ചത്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയിരുന്നു. 

സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും. ഗൂഡാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. സൂരജിന്‍റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച അടൂരിലെ ബാങ്ക് ലോക്കറിലും പരിശോധന നടക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു. ഉത്ര വധ കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച്, ഡിവൈഎസ്പി എ അശോകിന്‍റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു.   

ഫോറൻസിക്, റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം   സംഘം പരിശോധന നടത്തി. തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ  ജീവനക്കാർ വീടിന്റെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി.