കണ്ണൂര്‍: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിലൂടെ കുപ്രസിദ്ധിയ നേടിയ കൊടി സുനി കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ അധികസമയവും ജയിലിനകത്തായിരുന്നു. എന്നാല്‍ ജയിലില്‍ കിടന്നിട്ടും കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലുമടക്കം പലകേസുകളിലും പ്രതിയായി മാറി കൊടി സുനി. 

ജയിലിനുള്ളിലിരുന്ന് ക്വട്ടേഷനുകള്‍ സ്വീകരിക്കാനും നടപ്പാക്കാനും ശേഷിയുള്ള സുനി പലപ്പോഴായി കിട്ടുന്ന പരോളുകളില്‍ പുറത്തിറങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി. ഇവയില്‍ പലതും പുറത്തു വന്നിട്ടില്ലെന്നാണ് പൊലീസ് തന്നെ സംശയിക്കുന്നത്. സുനിക്കെതിരായ കേസുകളില്‍ അവസാനത്തേതാണ് പ്രവാസി വ്യവസായിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മജീദ് നല്‍കിയ പരാതി. ഖത്തറില്‍ ഒരു സ്വര്‍ണക്കടയുള്ള മജീദ് കൊടുവള്ളി മുന്‍സിപ്പില്‍ കൗണ്‍സിലര്‍ കൂടിയാണ്. 

മെയ് 23-ന് കൊടി സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിൽ സ്വർണ വ്യാപാരിയുമായ മജീദ് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരിക്കുകയാണ്. ജയിലി‍ല്‍ കിടക്കുന്ന കൊടി സുനിയില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മജീദിന്‍റെ ഭാര്യ താമരശ്ശേരി ഡിവൈഎസ്‍പിക്കും പരാതി നല്‍കി. 

കഴിഞ്ഞ മാസം 23-നാണ് പരാതിക്ക് ആസ്പദമായ സംഭവം. ഖത്തറിൽ തന്‍റെ ഏജന്‍റ് കൊണ്ടുവരുന്ന സ്വർണം രേഖകളില്ലാതെ വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. സെൻട്രൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദിന്‍റെ പരാതിയിലുണ്ട്.  

ഖത്തറിലെ മജീദിന്‍റെ കടയിലേക്ക് സ്വര്‍ണം വില്‍ക്കാനായി ഒരാള്‍ എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഏതാണ്ട് 48 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വാങ്ങണമെങ്കില്‍ എടുക്കന്ന സ്വര്‍ണത്തിന് കൃത്യമായ രേഖകള്‍ കൂടി വേണമെന്ന് മജീദ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് വില്‍ക്കാനെത്തിയ ആള്‍ തയ്യാറായില്ല. സ്വര്‍ണം വാങ്ങണമെന്ന് ഇയാള്‍ മജീദിനെ നിര്‍ബന്ധിച്ചെങ്കിലും രേഖകള്‍ ഇല്ലാത്ത സ്വര്‍ണം വാങ്ങിയാലുള്ള പ്രശ്നം മുന്നില്‍ കണ്ട് മജീദ് അതിനു തയ്യാറായില്ല. ഇതിനു ശേഷമാണ് മജീദിന്‍റെ ഫോണിലേക്ക് കൊടി സുനിയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 

തന്‍റെ ഏജന്‍റാണ് സ്വര്‍ണം വില്‍ക്കാന്‍ വന്നതെന്നും അത് വാങ്ങി പണം തരണമെന്നും മജീദിനോട് കൊടിസുനി ആവശ്യപ്പെട്ടു. പറ്റില്ല എന്നു പറഞ്ഞതോടെ തെറി വിളിച്ച് ഭീഷണിപ്പെടുത്തി. ഒരുപാട് നേരം അസഭ്യവര്‍ഷം നടത്തിയ സുനി നാട്ടിലുള്ള മജീദിന്‍റെ കുടുംബത്തെ ആക്രമിക്കും എന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് വിവരം മജീദ് പൊലീസിനേയും മാധ്യമങ്ങളേയും അറിയിച്ചത്. 

ടിപിക്കേസില്‍ ജയിലിലായ ശേഷവും കൊടിസുനിയുടെ പേരില്‍ വന്ന പലകേസുകളില്‍ ഒന്നു മാത്രമാണ് ഇത്. 2018 ഡിസംബറില്‍  കൂത്തുപറമ്പിലുള്ള ഒരു വ്യാപാരിയുടെ അനിയനെ കൊടിസുനിയും സംഘവും തട്ടിക്കൊണ്ടു പോയി. ഇയാളുടെ സ്മാര്‍ട്ട് ഫോണും കൈവശമുണ്ടായിരുന്ന 16,000 രൂപയും ഇവര്‍ തട്ടിയെടുത്തു. ഈ കേസില്‍ കൊടി സുനി അടക്കം ഇരുപത് പേര്‍ പ്രതികളാണ്. ഇതില്‍ നാല് പേര്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. 

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ ഒരാളെ ആക്രമിക്കാന്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത കൊടി സുനി അകത്തിരുന്ന് തന്നെ ആക്രമണം ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. പോണ്ടിച്ചേരിയില്‍ നിന്ന് മദ്യവും ഇറച്ചിക്കോഴിയും കടത്തിയതിനും കൊടിസുനിയുടെ പേരില്‍ കേസുണ്ട്. 

ഇതോടൊപ്പം മാഹി ഇരട്ടക്കൊലയിലും കൊടിസുനി അടക്കമുള്ള ടിപിവധക്കേസ് പ്രതികളുടെ സാന്നിധ്യം സംശയിക്കുന്നുണ്ട്. സിപിഐഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയില്‍ ബാബു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ പരിധിയില്‍പ്പെടുന്ന മാഹിയിലെ പള്ളൂരില്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. ഇതിന് ഒരു മണിക്കൂറിനു ശേഷം മാഹി പാലത്തിന് സമീപം വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഷാമേജിനെ ഒരുസംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തില്‍ ടിപിക്കേസ് പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പിന്നീട് അന്വേഷണം എവിടെയും എത്താതെ അവസാനിച്ചു. 

പാര്‍ട്ടിക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കൊടിസുനി പാര്‍ട്ടിയുടെ ഈ പിന്തുണ ബലമാക്കിയാണ് പുറത്തെ ക്വട്ടേഷനുകള്‍ ഏകോപിപ്പിക്കാന്‍ തുടങ്ങിയത്. ചെറിയ രീതിയില്‍ തുടങ്ങിയ ക്വട്ടേഷന്‍ ഏറ്റെടുക്കല്‍ പിന്‍ക്കാലത്ത് കണ്ണൂരിലെ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളിലെ വമ്പനാക്കി കൊടിസുനിയേയും സംഘത്തേയും മാറ്റി. ടിപിക്കേസിലൂടെ കിട്ടിയ ജനശ്രദ്ധയും കുപ്രസിദ്ധിയും ഒരു തരത്തില്‍ സുനിക്ക് തുണയാവുകയും ചെയ്തു.

 എന്നാല്‍ പാര്‍ട്ടിയേയും മറികടന്നുള്ള കൊടിസുനിയുടെ വളര്‍ച്ചയാണ് ഇപ്പോള്‍ അയാള്‍ക്ക് തിരിച്ചടിയാവുന്നതും. കണ്ണൂര്‍ സിപിഎമ്മില്‍ പുതുതായി രൂപം കൊണ്ട രാഷ്ട്രീയവടംവലികളില്‍ കൊടി സുനി ഉള്‍പ്പെടുന്ന ടിപി വധക്കേസ് പ്രതികളും ഒരു ഭാഗത്തിന്‍റെ കരുകളാണ്.