ഏഷ്യാനെറ്റ് ന്യൂസിന്റെ ലഹരി വിരുദ്ധ ക്യാംപെയിൻ ആയ 'ചിൽ കേരള' ലൈവത്തോണിൽ ആയിരുന്നു പ്രതികരണം.
തിരുവനന്തപുരം: യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ഒരു സാമൂഹിക- രാഷ്ട്രീയ പിന്നോക്കാവസ്ഥ ആയിട്ടാണ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ. വിദ്യാഭ്യാസത്തിന് അതിലൊരു പങ്കുണ്ട്, എന്നാലും പൊതുവേ നോക്കുമ്പോൾ എല്ലാവരെയും അന്യരും ശത്രുക്കളുമായി കാണുന്ന മനോഭാവം പുതു തലമുറയ്ക്ക് ഇന്നുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ലഹരി വിരുദ്ധ ക്യാംപെയിൻ ആയ ചിൽ കേരള ലൈവത്തോണിൽ ആയിരുന്നു പ്രതികരണം. എന്തു വലിയ കുറ്റം ചെയ്താലും യാതൊരു പ്രയാസവും കുറ്റബോധവുമില്ലാത്ത ഒരു മനസാണ് യുവ തലമുറയ്ക്കുള്ളത്. അടിയേറ്റവനെ വീണ്ടും സംഘം ചേർന്ന് തല്ലിച്ചതയ്ക്കുന്ന ഒരു സ്ഥിതിയാണ് ഇന്നുള്ളത്. ക്രിമിനലുകളെ വീരന്മാരായാണ് ഇന്നത്തെ കുട്ടികൾ കാണുന്നത്.
ഇന്നത്തെ കുട്ടികൾ വേറൊയൊരു ലോകത്താണ്. ഒരു ഉണരാത്ത അവസ്ഥയിലാണവർ. സ്വന്തം കാര്യത്തിൽ മാത്രം ചുരുങ്ങിക്കിടക്കുകയാണ് അവർ. അനുതാപമോ മനുഷ്യത്വമോ മനുഷ്യാവകാശ രാഷ്ട്രീയമോ വികസിക്കാത്ത ഒരു അവസ്ഥ ഇപ്പോൾ നമുക്കുണ്ട്. ഔപചാരിക സൗഹൃദം സമൂഹത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ കാണുന്ന കാർട്ടൂണുകളിലും സിനിമകളിലും വരെ വീരന്മാരായി ക്രിമിനലുകളെ ചിത്രീകരിക്കുകയാണ്. അരാഷ്ട്രീയതാണ് രാഷ്ട്രീയം എന്ന പേരിൽ നമ്മൾ പല സ്ഥലത്തും കാണുന്നത്. സ്വന്തം കാര്യങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ, മനുഷ്യത്വത്തിലേക്കും മനുഷ്യാവകാശ രാഷ്ട്രീയത്തിലേക്കും അതുമായി ബന്ധപ്പെട്ട ഉയർന്ന സാമൂഹ്യ ബോധത്തിലേക്കും വളരേണ്ടതുണ്ട്. പുറം രാജ്യങ്ങളിൽ എല്ലാവരും തമ്മിലുമുള്ള ഒരു സൗഹൃദാന്തരീക്ഷം ഇവിടെയില്ല. ഇവിടെ നമ്മളെല്ലാവരും അന്യരാണ്. അന്യരെന്നാൽ ശത്രുക്കളാണ്. നിസാര കാര്യത്തിന് വരെ പൊട്ടിത്തെറിക്കുന്ന സാധാരണക്കാരെ നമുക്ക് കാണാനാകും. അതിനോടൊപ്പം എന്തെങ്കിലും മനോവൈകല്യമോ ലഹരി ഉപയോഗമോ ഉണ്ടെങ്കിൽ ഇത് അതിന് ആക്കം കൂട്ടുമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
