Asianet News MalayalamAsianet News Malayalam

അതിവർഷം വന്നാൽ എന്തു ചെയ്യും? ഇടുക്കിയിൽ പ്രവർത്തിക്കുന്നത് വെറും മൂന്ന് ജനറേറ്ററുകൾ

ഇടുക്കി ഡാമിലുള്ളത് ആറ് ജനറേറ്ററുകളാണ്. ഇതിൽ നിലവിൽ പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രമാണ്. മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറികളിൽ രണ്ട് ജനറേറ്ററുകൾ തകരാറിലായി. 

crisis in Idukki Dam
Author
Idukki, First Published May 18, 2020, 8:42 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ആശങ്കകളില്ലെന്ന് കെഎസ്ഇബി അവകാശപ്പെടുമ്പോഴും മൂന്ന് ജനറേറ്ററുകൾ പ്രവർത്തിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനൽമഴ കനത്താൽ വൈദ്യുതോൽപ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താൻ ഇതുനിമിത്തം സാധിക്കില്ല. മൂന്ന് ജനറേറ്ററുകളും പ്രവർത്തനക്ഷമമാക്കാൻ മാസങ്ങൾ എടുക്കുമെന്നാണ് സൂചന.

ഇടുക്കി ഡാമിലുള്ളത് ആറ് ജനറേറ്ററുകളാണ്. ഇതിൽ നിലവിൽ പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രമാണ്. മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറികളിൽ രണ്ട് ജനറേറ്ററുകൾ തകരാറിലായി. ഒരെണ്ണം വാർഷിക അറ്റകുറ്റ പണിയിലാണ്. ഇത് കഴിഞ്ഞ മെയ് പത്തിന് പ്രവർത്തനക്ഷമമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ലോക്ക് ഡൗണ്‍ പ്രതീക്ഷകൾ തെറ്റിച്ചു. പൊതുമേഖല സ്ഥാപനമായ അങ്കമാലി ടെൽക്കിനാണ് അറ്റകുറ്റപണിയുടെ ചുമതല. 

ടെൽക്കിൽ നിന്ന് ജീവനക്കാർ എത്തിയെന്നും ഈ മാസം അവസാനത്തോടെ പണിപൂ‍ർത്തിയാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. പക്ഷേ മറ്റ് ജനറേറ്ററുകളുടെ പുനർനിർമാണത്തിന് വിദേശത്ത് നിന്ന് സാമഗ്രഹികൾ കൊണ്ടുവരണം. പണിക്കായി ജീവനക്കാർ ദില്ലിയിൽ നിന്നും ഹരിയാനയിൽ നിന്നും വരണം. ഇത് സാധ്യമാക്കാനുള്ള ചർച്ചകൾ കെഎസ്ഇബി ഇതുവരെ കേന്ദ്രസർക്കാരുമായി നടത്തിയിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഡാമിൽ ഉണ്ടായിരുന്ന വെള്ളം 19 ശതമാനം മാത്രമായിരുന്നു. എന്നാൽ നിലവിലെ ജലനിരപ്പ് 41 ശതമാനം. മഴ കനത്താൽ ഒന്നരമാസത്തിനുള്ളിൽ ഡാം നിറയും. ഇതൊഴിവാക്കാൻ വൈദ്യുതോൽപ്പാദനം കൂട്ടണം. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവർത്തിപ്പിച്ചാൽ 1.8 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാം. എന്നാൽ മൂന്ന് ജനറേറ്ററുകൾ മാത്രം പ്രവർത്തിക്കുന്നതിനാൽ നിലവിലെ ഉത്പാദനം 87 ലക്ഷം യൂണിറ്റാണ്. 

 

Follow Us:
Download App:
  • android
  • ios