Asianet News MalayalamAsianet News Malayalam

റോഡ് പണി വിവാദം: മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമർശനം; പ്രസം​ഗം അപക്വമെന്നും വിലയിരുത്തൽ

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗവും വൻ വിവാദമായിരുന്നു. 

Criticism against the minister in the CPM state secretariat sts
Author
First Published Feb 6, 2024, 7:12 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് യോഗം, മന്ത്രിയെ അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അടക്കം വിമർശിച്ചത്.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗവും വൻ വിവാദമായിരുന്നു. കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളിയെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്‍റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇത് പ്രകടിപ്പിച്ചു.

പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചര്‍ച്ചക്ക് വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളിൽ മിക്കവരും റിയാസിന്‍റെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്. 

ജില്ലയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും എല്ലാം സമാന അഭിപ്രായം പ്രകടിപ്പിച്ചതോടെയാണ് ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളേയോ ആയിരുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിലപാട് മയപ്പെടുത്തിയത്. മഞ്ഞുരുകലിന്‍റെ സൂചനയെന്നോണം കടകംപള്ളി റിയാസിനൊപ്പം നിൽക്കുന്ന ഫോട്ടോ എഫ്ബി പോസ്റ്റുമിട്ടു. ആരെയാണ് ഉദ്ദേശിച്ചതെന്ന് റിയാസ് ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല.

അതേ സമയം, മുഹമ്മദ് റിയാസിനെതിരെ സെക്രട്ടറിയേറ്റിൽ വിമർശനമെന്നത് തെറ്റായ വാർത്തയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിച്ചു. മാധ്യമങ്ങളുണ്ടാക്കിയ വാർത്തയാണിതെന്ന് ചൂണ്ടിക്കാണിച്ച എംവി ​ഗോവിന്ദൻ വാർത്ത ശുദ്ധ അസംബന്ധമാണെന്നും പ്രതികരിച്ചു. അതേ പറ്റി പ്രതികരിക്കാൻ തന്നെ കിട്ടില്ലെന്നും ബജറ്റിൽ അതൃപ്തിയറിയിച്ച് സിപിഐ മന്ത്രിമാർ കത്ത് കൊടുത്ത സംഭവം അറിയില്ലെന്നും എംവി​ ​ഗോവിന്ദൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios