തിരുവനന്തപുരം: എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം. അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്‍റുകളോടുള്ള എഴുത്തുകാരിയുടെ പ്രതികരണങ്ങളുമാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. 

Image may contain: text

ഒരു വിഭാഗം ആളുകളെ അധിക്ഷേപിക്കുന്ന രീതിയില്‍ വന്ന പ്രതികരണത്തെ വിമര്‍ശിച്ചവര്‍ക്കും സമാനമായ രീതിയില്‍ തന്നെ അല്‍പം കൂടി രൂക്ഷമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് നിരവധിപ്പേര്‍ കെ ആര്‍ ഇന്ദിരയ്ക്കെതിരെ രംഗത്ത് എത്തിയത്. 

Image may contain: 1 person, text

ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറായ കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 

Image may contain: 1 person, smiling, text

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ് (ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പൊതുവേ പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പല അവസരങ്ങളില്‍ കെ ആര്‍ ഇന്ദിര നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്. 

വംശീയ അധിക്ഷേപത്തിനെതിരെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മതസപർദ്ധ വളർത്തുന്ന പരാമർശത്തിനെതിരെയും പോലീസിൽ പരാതി നൽകിയതായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്. നടന്‍ വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടിയ സമയത്തെ കെ ആര്‍ ഇന്ദിരയുടെ വിമര്‍ശനങ്ങള്‍ നേരത്തെ വിവാദമായിരുന്നു.