കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം ഉയര്‍ന്നത്.

തിരുവനന്തപുരം: തൃശൂരിൽ വി എസ് സുനിൽ കുമാറിൻ്റെ പോസ്റ്റർ നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം ഉയര്‍ന്നത്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് അംഗങ്ങൾ എക്സിക്യൂട്ടീവിൽ നിലപാടെടുത്തു. 

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ച തുടങ്ങുന്നതിനിടെ വി എസ് സുനിൽ കുമാറിനായുള്ള സൈബര്‍ പ്രചരണമാണ് വിമര്‍ശനത്തിന് ഉടയാക്കിയത്. കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം ഉയര്‍ന്നത്. തൃശൂരിലെ വിദ്യാർത്ഥികൾ എന്ന പേരിലുള്ള പഴയ പോസ്റ്ററുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ സുനിൽ കുമാര്‍ മത്സരിച്ചപ്പോഴുള്ള പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചാരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം.