'ഫുട്ബോൾ പരിശീലകനെപ്പോലെ വിമർശിച്ചതാണ്': സംവിധായികയുടെ ആരോപണം തള്ളി ഷാജി എൻ കരുണ്‍
ഡിവോഴ്സ് എന്ന സിനിമയുടെ സംവിധായിക മിനി ആണ്, വനിതാ സംവിധായകർക്കുള്ള സർക്കാർ പദ്ധതി ഷാജി എൻ കരുണ്‍ അട്ടിമറിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്.
തിരുവനന്തപുരം: തന്‍റെ സിനിമയെ തകർക്കാൻ ശ്രമിച്ചെന്ന വനിതാ സംവിധായികയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണ്‍. ചെയ്യുന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടുമ്പോൾ വേദനിച്ചു എന്ന് പറയുന്നത് എങ്ങനെയാണ്. താൻ ഒരു ഫുട്ബോൾ പരിശീലകനെപോലെ വിമർശിച്ചതാണ്. സിനിമയ്ക്കായി ഒന്നരക്കോടി രൂപ ചലച്ചിത്ര വികസന കോർപ്പറേഷൻ നൽകിയതാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു. മുകേഷ് സിനിമാ നയ രൂപീകരണ സമിതിയിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഷാജി എൻ കരുണ്‍ വ്യക്തമാക്കി. ഡിവോഴ്സ് എന്ന സിനിമയുടെ സംവിധായിക മിനി ആണ്, വനിതാ സംവിധായകർക്കുള്ള സർക്കാർ പദ്ധതി ഷാജി എൻ കരുണ്‍ അട്ടിമറിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്.
ഒരു കാരണവുമില്ലാതെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയർമാൻ ഇടപെട്ട് പല തവണയായി തന്‍റെ സിനിമയുടെ റിലീസ് മാറ്റിവെച്ചെന്നാണ് മിനി പറഞ്ഞത്. ആദ്യമായി സിനിമ ചെയ്യുന്ന ആൾക്ക് പിന്തുണ നൽകുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. മേലാൽ ഇനി സിനിമ ചെയ്യേണ്ട എന്ന് പോലും തോന്നിപ്പോവും. സർക്കാരിന്‍റെ മികച്ചൊരു പദ്ധതിക്ക് തുരങ്കം വെയ്ക്കുകയാണ് ഷാജി എൻ കരുണ്‍ ചെയ്തത്. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും വരെ പരാതി നല്‍കിയതിനു ശേഷമാണ്, കെഎസ്എഫ്ഡിസി സഹായത്തോടെ നിര്‍മിച്ച തന്‍റെ സിനിമ പുറത്തിറക്കാന്‍ പോലുമായതെന്ന് മിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല' എന്നാണ് ഷാജി എൻ കരുണ്‍ പറഞ്ഞതെന്ന് മിനി ഐജി വിശദീകരിച്ചു. സിനിമ പിന്നെ എന്തിനാണ് ചെയ്യുന്നത്, ആളുകളെ കാണിക്കാനല്ലേ എന്നാണ് മിനിയുടെ ചോദ്യം. എത്രത്തോളം താമസിപ്പിക്കാമോ അത്രത്തോളം ഷാജി എൻ കരുണ്‍ റിലീസ് വൈകിപ്പിച്ചു. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇവരൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നിരാശാജനകമാണെന്നും മിനി പറഞ്ഞു.
അധികാര കേന്ദ്രത്തിന് മുന്നിൽ വിധേയപ്പെട്ടുനിൽക്കാത്തതു കൊണ്ടാണോ എന്ന് അറിയില്ല ഷാജി എൻ കരുണ്‍ ഇങ്ങനെ ചെയ്തതെന്നും മിനി പറയുകയുണ്ടായി. ഇങ്ങനെ ഒരാൾ വീണ്ടും വീണ്ടും അധികാര സ്ഥാനത്ത് എത്തുന്നതു കാണുമ്പോൾ നിരാശ തോന്നുന്നു. എവിടെ നിന്നാണ് പിന്നെ നീതി ലഭിക്കുകയെന്നും മിനി ചോദിച്ചു.