എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം  നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ ആലുവയിൽ അഞ്ച് ആര്‍എസ്എസ് നേതാക്കൾക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ നല്‍കി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ ഒരുക്കിയത്. ആര്‍എസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൂടുതൽ നേതാക്കൾക്ക് സുരക്ഷ ഒരുക്കാനും കേന്ദ്രം നിർദേശം നല്‍കി. എറണാകുളം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയാണ് ആലുവ. അമ്പതോളം വരുന്ന കേന്ദ്ര സേനയാണ് എത്തിയത്. ആര്‍എസ്എസ് കാര്യാലയത്തിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു. സിആര്‍പിഎഫ് പള്ളിപ്പുറം യൂണിറ്റില്‍ നിന്നാണ് ഉദ്യോഗസ്ഥരെത്തി ആര്‍എസ്എസ് കാര്യാലയത്തില്‍ താമസിക്കുന്നവരുടെയടക്കം വിവരങ്ങള്‍ ശേഖരിച്ചു. ബിയിലേടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്‍റലിന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. 

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. 

പിഎഫ്ഐ നിരോധനം; സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു| PFI Ban