Asianet News MalayalamAsianet News Malayalam

നിലമ്പൂർ ജില്ല ആശുപത്രിയിൽ വൃദ്ധയോട് ക്രൂരത; കാലിൽ പുഴുവരിക്കുന്ന മുറിവ് ഭേദമാകാതെ വീട്ടിലേക്കയച്ചു

കാലിൽ പുഴുവരിച്ച നിലയിൽ ​ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി. 

Cruelty to old woman in Nilambur district hospital
Author
First Published Aug 15, 2024, 6:27 PM IST | Last Updated Aug 15, 2024, 7:25 PM IST

മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോ​ഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു. കാലിൽ പുഴുവരിച്ച നിലയിൽ ​ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി. കരുളായി നിലംപതിയിലെ പ്രേമലീലയെന്ന അറുപത്തിയെട്ടുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. എന്നാൽ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ഭാ​ഗത്തുനിന്നുള്ള വിശദീകരണം. 

മന്ത് രോഗിയായ ഇവര്‍ ഏറെ നാളായി കിടപ്പിലായിരുന്നു. തുടര്‍ച്ചയായി കിടന്നതുമൂലം ശരീര ഭാഗങ്ങള്‍ പലയിടത്തും പൊട്ടി വ്രണമായി. രോഗബാധിതയായ പ്രേമലീലയെ ആദ്യം  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച ഇവരെ  നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രോഗം ഭേദമാകാതെ തന്നെ പ്രേമലീലയെ ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് വിട്ടു. ചികിത്സയോ പരിചരണമോ ഒന്നും ആശുപത്രിയില്‍ നിന്ന് കിട്ടിയില്ലെന്ന് പ്രേമ ലീല പരാതിപ്പെട്ടു.

അതീവ ഗുരുതരാവസ്ഥയിൽ ആരും പരിചരിക്കാനില്ലാതെ  മുറിവുകളില്‍ പുഴു അരിക്കുന്ന നിലയില്‍ വീട്ടില്‍ കിടക്കുകയായിരുന്നു പ്രേമലീല. നാട്ടുകാരാണ് വിഷയത്തില്‍ ഇടപെട്ടത്. അവര്‍ അറിയിച്ചതു പ്രകാരം പാലിയേറ്റീവ് പ്രവര്‍ത്തകരെത്തി പ്രേമ ലീലയെ കുളിപ്പിച്ച് വൃത്തിയാക്കി.

പ്രേമലീലയെ വീണ്ടും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് മടങ്ങണമെന്ന് പ്രേമലീല നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആംബുലൻസ് വിളിച്ചുവരുത്തി ഇവരെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ക്ലാസ് ഫോര്‍ ജീവനക്കാരിയായി വിരമിച്ചതാണ് പ്രേമലീല. ഇവര്‍ക്ക് മക്കളില്ല. കഴിഞ്ഞ കൊവിഡ് കാലത്ത് ഭർത്താവ് മരിച്ചതോടെയാണ് ഇവര്‍  ഒറ്റക്കായത്. ബന്ധുക്കൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറുമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios