കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച സംഭവത്തിൽ പ്രതികളെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയ രണ്ട് പേരെയും പൊലീസ് കളമശ്ശേരി കുസാറ്റ് ജംഗ്ഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ചാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവർ യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ബോധപൂർവ്വം ഉപദ്രവിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും വിശദീകരിച്ച് പ്രതികൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.

പ്രതികളുടെ അറസ്റ്റിനായി കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് റംഷാദും ആദിലും നാടകീയമായി മലപ്പുറത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. നടിയോട് സംസാരിക്കാൻ ശ്രമിച്ചതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു ന്യായീകരണം.

ജോലി ആവശ്യാർത്ഥമാണ് റംഷാദും, ആദിലും കൊച്ചിയിലെത്തുന്നത്. തിരികെയുള്ള ട്രെയിൻ പുലർച്ചെയായതിനാൽ സമയം ചിലവഴിക്കാൻ ഷോപ്പിംഗ് മാളിലെത്തിയതെന്നാണ് ഇരുവരും വിശദീകരിക്കുന്നത്. എന്നാൽ പ്രതികളുടെ പ്രവൃത്തി ബോധപൂർവ്വമായിരുന്നുവെന്ന് സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.