Asianet News MalayalamAsianet News Malayalam

ആയിരം പേരുടെ ഓഡിറ്റോറിയത്തിലേക്ക് 4000 പേരെത്തി; കുസാറ്റ് അപകടത്തിന്റെ കാരണം വിശദീകരിച്ച് പൊലീസ് റിപ്പോര്‍ട്ട്

പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം

Cusat accident police report filed at high court on KSU petition kgn
Author
First Published Jan 17, 2024, 6:41 AM IST

കൊച്ചി: ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് ഹൈക്കോടതിയിൽ. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും. 80 സെക്യൂരിറ്റി ജീവനക്കാരാണ് കുസാറ്റിലുള്ളത്. 

കെ‌എസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നൽകിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ റജിസ്ട്രാർ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു.

കുസാറ്റ് സ്കൂള്‍ ഓഫ്  എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്ത് ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാൻ എത്തിയവരാണ് അപടകത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയ്യേറ്ററിലേക്ക്  റോഡരുകില്‍ നിന്നവര്‍ മഴവന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണം, തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണ് ഉള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് നാല് പേര്‍ മരിച്ചത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി,  നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത  പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍  ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios