താനൂരിലെ താമീർ ജാഫ്രിയുടെ കസ്റ്റഡി മരണം: ജയിൽ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
നാലു പ്രതികളെ ജയിലിനുളളിൽ മർദിച്ചു എന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്റ്റഡിയിലിരിക്കെ മരിച്ച താമീർ ജാഫ്രിയ്ക്കൊപ്പം പൊലീസ് പിടികൂടിയതാണ് മറ്റ് നാലുപേരെയും.

മലപ്പുറം: മലപ്പുറം താനൂരിലെ താമീർ ജാഫ്രിയുടെ കസ്റ്റഡി മരണത്തിനിടയാക്കിയ ജയിലിലെ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു പ്രതികളെ ജയിലിനുളളിൽ മർദിച്ചു എന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കസ്റ്റഡിയിലിരിക്കെ മരിച്ച താമീർ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയതാണ് മറ്റ് നാലുപേരെയും. നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ താനൂർ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിങ്ങനെയാണ് പ്രതിപട്ടിക. നേരത്തെ, താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് മരിച്ച താമിർ ജാഫ്രിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയായിരുന്നു കമ്മീഷന്‍റെ ഇടപെടൽ.
Also Read: മരിച്ചയാളുമായി അടുത്തിടപഴകിയ ആൾ അടക്കം 61 പേരുടെ ഫലം കൂടി നെഗറ്റീവ്; കോഴിക്കോട് നിപ ഭീതി ഒഴിയുന്നു
നേരത്തെ താനൂർ കസ്റ്റഡി മരണക്കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസസമരം നടത്തിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്നതാണ് ആക്ഷൻ കൗൺസിലിന്‍റെ പ്രധാന ആവശ്യം.