കൊച്ചി: ഇഡി കസ്റ്റഡിയില്‍ എടുത്ത എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറിലേക്ക് കടന്നു. അറസ്റ്റ് സംബന്ധിച്ച് ഇഡി ഓഫീസില്‍ നിര്‍ണായക കൂടിയാലോചനകള്‍ നടക്കുന്നതായാണ് വിവരം. ദില്ലിയിലെ കസ്റ്റംസ്, ഇഡി തലവന്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലെ തീരുമാനം നിര്‍ണായകമാവും. ചെന്നൈയില്‍ നിന്ന് ഇഡി സ്‌പെഷ്യൽ ഡയറക്ടറും ജോയിന്‍റ് ഡയറക്ടറും കൊച്ചിയിൽ എത്തിയിട്ടുണ്ട്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.

ഹൈക്കോടതി മുൻകൂർജാമ്യ ഹർജി തള്ളിയതിന് തൊട്ട് പിറകെ വ‌ഞ്ചിയൂരിലെ ആയുർവേദാശുപത്രിയിലെത്തി  ഉദ്യോഗസ്ഥർ സമൻസ് കൈമാറുകയായിരുന്നു. കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേർത്തലിയിലെ ഹോട്ടലിൽ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എൻഫോസ്മെന്‍റ് ആസ്ഥാനത്തെത്തി.  ചേർത്തലമുതൽ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന  കസ്റ്റംസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള സംഘവും  ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യൽ തുടങ്ങുകയുമായിരുന്നു.