കാരാട്ട് ഫൈസലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു. ഇന്നലെ  പുലർച്ചെ കൊടുവള്ളിയിലെ വീട്ടിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്.

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്‍ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. കാരാട്ട് ഫൈസലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.

സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇന്നലെ പുലർച്ചെ കൊടുവള്ളിയിലെ വീട്ടിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.

കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് കാരാട്ട് ഫൈസൽ. കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.