കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴികളെ ചൊല്ലി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും തമ്മിൽ തർക്കം. രഹസ്യമൊഴികൾ ഇഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികളാണിത്.

സ്വപ്ന, സരിത്  എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്. ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ഇഡിയുടെ ഹർജിയിൽ അടുത്ത മാസം രണ്ടിന് കോടതി വിധി പറയും. അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്.