തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ വട്ടിയൂർക്കാവിലെയും ആക്കുളത്തെയും വീട്ടിൽ കസ്റ്റംസ് വിഭാഗം റെയ്‌ഡ് നടത്തുന്നു. ഇദ്ദേഹത്തിന്റെ തുമ്പയിലെ കുടുംബ വീട്ടിൽ നിന്നും ജയഘോഷിനെ കസ്റ്റംസ് സംഘം വട്ടിയൂർക്കാവിലെത്തിച്ചു. അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ ഇന്ന് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. 

മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിൽ ആയത്. കസ്റ്റംസ് അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി പ്രതിയെ ആഗസ്റ്റ് അഞ്ച് വരെ റിമാൻഡ് ചെയ്തു. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടി. എൻഐഎ കസ്റ്റഡിയിലാണ് പ്രതികളുള്ളത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ്‌ ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.