തൃക്കരിപ്പൂർ സ്വദേശിയുടേതാണ് വാഹനം. കാസർകോട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കാറുടമ അടക്കം നാല് പേരെ കസ്റ്റംസ് ചോദ്യം ചെയ്തു. 

കാസര്‍കോട്: രാമനാട്ടുകര അപകടമുണ്ടായ ദിവസം അര്‍ജുന്‍ ആയങ്കിക്ക് എസ്‌കോര്‍ട്ട് പോയ കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നിന്നാണ് KL 60 G 91 90 സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂര്‍ സ്വദേശിയുടേതാണ് വാഹനം. കാറുടമ അടക്കം നാല് പേരെ കസ്റ്റംസ് ചോദ്യം ചെയ്തു.

അതിനിടെ, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയുമാണ് കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ രക്ഷാധികാരികളെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഒരു പാര്‍ട്ടിയെ മറയാക്കി സമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളെ കള്ളക്കടത്ത് സംഘത്തിലേക്ക് ഇവര്‍ ആകര്‍ഷിച്ചെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതി തള്ളി.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘം സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയെന്ന ഗുരുതര വെളിപ്പെടുത്തലുകളാണ് കസ്റ്റംസ് കോടതിയില്‍ നടത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളില്‍ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെആകര്‍ഷിച്ചത്. ഈ യുവാക്കളെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ടിപി കേസില്‍ പരോളിലുള്ള ഷാഫിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഷാഫിയെ ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും കസ്റ്റംസ് അറിയിച്ചു.