Asianet News MalayalamAsianet News Malayalam

സ്വ‍ർണക്കടത്ത്: ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകി

ശിവശങ്കർ കള്ളക്കടത്തിന് ഒത്താശ ചെയ്തെന്ന സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കാക്കനാട് ജയിലിൽ എത്തി കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

Customs to take shivashankar in custody
Author
Kochi, First Published Nov 24, 2020, 2:15 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനായി കസ്റ്റംസ് കോടതിയെ സമീപിച്ചു. സ്വർണക്കടത്തിൻ്റെ രീതികളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറെ കസ്റ്റഡിയിൽ കിട്ടാനായി കസ്റ്റംസ് കോടതിയെ സമീപിച്ചിരിക്കുന്നത്, 

ശിവശങ്കർ കള്ളക്കടത്തിന് ഒത്താശ ചെയ്തെന്ന സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കാക്കനാട് ജയിലിൽ എത്തി കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് ഇടപാടിനെ കുറിച്ച് ശിവശങ്കറിന് മുൻകൂർ അറിയാമായിരുന്നുവെന്നാണ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി വാറൻഡിൽ കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി വിവരമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.  അപേക്ഷ നാളെ കോടതി പരിഗണിക്കും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇഡിക്ക് പിന്നാലെയാണ് രണ്ടാമതൊരു അന്വേഷണ ഏജൻസി കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്‍റെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോടെ കാക്കനാടുള്ള ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ് സംഘം ജയിലില്‍ നിന്ന് മടങ്ങി.

അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍  സ്വര്‍ണക്കടത്തുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് കിട്ടിയിരുന്നില്ല. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് കൃത്യമായി അറിയാമായിരുന്നെന്ന് ആദ്യം അറസ്റ്റ് ചെയ്ത ഇ.ഡി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 16ന് ശിവശങ്കറിനെയും 18ന് സ്വപ്ന സുരേഷിനെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. 

ഈ മൊഴികളില്‍നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ ഇപ്പോഴത്തെ അറസ്റ്റ്. എന്നാല്‍ കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളെന്തെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയെ കസ്റ്റംസ് സമീപിച്ചിരുന്നു. ഈ അപേക്ഷ നാളെ പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയത്.

Follow Us:
Download App:
  • android
  • ios