അര്‍ജുന്‍ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിവൈഎഫ്ഐ മുന്‍ മേഖലാഭാരവാഹി സി സജേഷ് ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നില്‍ ഹാജരായി. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്. അര്‍ജുന്‍ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 

അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. 

കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.