Asianet News MalayalamAsianet News Malayalam

മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കും, ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി കളക്ടറെ വിളിച്ചിട്ട് കാര്യമില്ല: കെകെ ശിവരാമന്‍

 ദൗത്യസംഘം മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കുമെന്നും  ഈ നിലപാട്  റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണെന്നും കെ കെ ശിവരാമൻ പറഞ്ഞു. 

CV varghese against kk sivaraman munnar evacuation sts
Author
First Published Oct 19, 2023, 4:32 PM IST

ഇടുക്കി: ദൗത്യസംഘം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തില്ലെന്നും വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നും സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. സിവി വര്‍ഗീസിന്‍റെ പ്രസ്താവനക്കെതിരെ ആയിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം. ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ നയമാണെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമൻ വ്യക്തമാക്കി. 

ഈ നിലപാട്  റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണ്. റവന്യൂമന്ത്രി പറഞ്ഞതാണ് കളക്ടർ അനുസരിക്കുക. മൂന്നാർ മേഖലയിലെ മുഴുവൻ കയ്യേറ്റവുമൊഴുപ്പിക്കാൻ  ദൗത്യസംഘത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുക എന്നത് ഇടതുപക്ഷ നയമാണ്. കയ്യേറ്റക്കാരെ കുടിയേറ്റക്കാരായ ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും അഞ്ചരയേക്കർ ഭൂമി കയ്യേറി കൈവശം വെച്ചയാൾ കുടിയേറ്റ കർഷകനാണെന്ന് തോന്നുന്നില്ലെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സിവി വര്‍ഗീസിന്‍റെ പ്രതികരണം.

ജില്ലാ കളക്ടർക്ക് ആരാണ് നിർദേശം നൽകിയതെന്ന് കെകെ ശിവരാമൻ

മൂന്നാറില്‍ ന്യായമായ കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്നാണ് നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി വ്യക്തമാക്കിയത്. ആനയിറങ്കൽ - ചിന്നക്കനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്‍റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും പറഞ്ഞ അദ്ദേഹം കൈയ്യേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 

മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചിരുന്നു. ഒരു ഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടി  സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് എതിര്‍പ്പുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

ഇടുക്കി കയ്യേറ്റം; 'ആരു കയ്യേറിയാലും ഒഴിപ്പിക്കണം', വാക് പോര് തുടർന്ന് എം എം മണിയും കെ കെ ശിവരാമനും

Follow Us:
Download App:
  • android
  • ios