Asianet News MalayalamAsianet News Malayalam

രാജേന്ദ്രനെയെന്നല്ല, മൂന്നാറിൽ നിന്ന് ആരെയും കുടിയിറക്കാൻ അനുവദിക്കില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

രാജേന്ദ്രന്റെ അയൽക്കാരടക്കം ഈ പ്രദേശത്തുള്ള 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.എന്നാൽ തനിക്ക് മാത്രമാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു

CV varghese says CPIM wont let anyone to be thrown out of their home in Munnar
Author
First Published Nov 26, 2022, 12:17 PM IST

ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി.

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ എസ് രാജേന്ദ്രനോട് വീടും സ്ഥലവും ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തത്കാലം ഒഴിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ ഉടൻ നടപടി ഉണ്ടാകില്ലെന്നും ദേവികുളം തഹസിൽദാർ വ്യക്തമാക്കി. വിഷയത്തിൽ കോടതിയെ സമീപിച്ചെന്ന് വ്യക്തമാക്കിയ എസ് രാജേന്ദ്രൻ വീട് ഒഴിയില്ലെന്ന  ഉറച്ച നിലപാടിലാണ്. പത്ത് സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമായാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി വിഷയത്തിൽ നിലപാട് അറിയിച്ചത്.

രാജേന്ദ്രന്റെ അയൽക്കാരടക്കം ഈ പ്രദേശത്തുള്ള 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.എന്നാൽ തനിക്ക് മാത്രമാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. തന്റേത് മാത്രം സർക്കാർ പുറമ്പോക്കെന്നും മറ്റുള്ളവരുടേതെല്ലാം കെഎസ്ഇബി ഭൂമിയാണെന്നുമാണ് നോട്ടീസിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസ്.  ഇത് പുറമ്പോക്കായതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്ന മുന്നറിയിപ്പും നോട്ടീസിൽ ഉണ്ട്. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  ദേവികുളം സബ് കളക്ടർ രാഹുൽ ക-ഷ്ണ ശർമ്മ ഇടുക്കി എസ്‌പിക്കും കത്ത് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios