പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ൽ നടത്തിയിരുന്നു. ഇതില്‍ അമ്മയ്ക്കെതിരെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു. 

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ (Thodupuzha) പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി (CWC). ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ നിര്‍ദ്ദേശം നൽകി. തൊടുപുഴ സ്വദേശിയായ പതിനേഴുകാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയാണ് നടന്നതെന്നാണ് സിഡബ്ല്യുസി പറയുന്നത്. ഇടനിലക്കാരനായ ബേബിയിൽ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോൾ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു. 

YouTube video player

എന്നാൽ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019 ൽ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാൽ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ൽ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനൽകി. വിഷയത്തിൽ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവൽ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നൽകുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.

  • ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

പാലക്കാട്: പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് (Mud Racing) പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ (Thrissur) സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി.