കോഴിക്കോട്: സൈബര്‍ ആക്രമണങ്ങളെ സര്‍ക്കാര്‍ തള്ളിപ്പറയുമ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് നീതി അകലെയാണ്. ശമ്പളം പിടിക്കാനുളള സര്‍ക്കുലര്‍ കത്തിച്ചതിനെത്തുടര്‍ന്ന് സൈബര്‍ ആക്രമണവും വധഭീഷണിയും നേരിട്ട കോഴിക്കോട് പന്തലായനി സ്കൂളിലെ അധ്യാപിക സുമ അന്വേഷണം എങ്ങുമെത്താത്തതിലുളള നിരാശയാണ് പങ്കു വയ്ക്കുന്നത്.

മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഏപ്രില്‍ 25നായിരുന്നു കെപിഎസ്ടിഎ സംസ്ഥാനഭാരവാഹിയായ സുമ ശമ്പളം പിടിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കുലര്‍ കത്തിച്ചത്. ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സര്‍ക്കുലര്‍ കത്തിച്ച നടപടിയെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചതിനു പിന്നാലെ സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് അധ്യാപികക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും അശ്ലീല സന്ദേശങ്ങളും ഭീഷണിയും തുടങ്ങി. കെഎസ്ടിഎ അംഗങ്ങളായ അധ്യാപകരും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സൈബര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് സുമ അത്തോളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. പക്ഷേ ഇതുവരെ യാതൊരു നടപടിയുമില്ല.

സുമയടക്കമുളള കോണ്‍ഗ്രസ് അധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ചെയ്തത് ശരിയോ എന്നും അതിനെ വിമര്‍ശിച്ചതിൽ തെറ്റെന്താണെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പ്രതികരണം. മുഖ്യമന്ത്രി അടക്കം നടത്തുന്ന ഇത്തരം പ്രതികരണങ്ങളാണ് അന്വേഷണം പ്രഹസനമാക്കുന്നതെന്ന് സുമ പറയുന്നു. തന്‍റെ മകനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് ചിലരെ ചോദ്യം ചെയ്തതല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്നും സുമ പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റ്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുന്നതായും അത്തോളി പൊലീസ് പറഞ്ഞു.

"