തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ വ്യക്തിഹത്യയെക്കുറിച്ചുള്ള ഒറ്റച്ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയത് 17 മിനിറ്റ് നീളമുള്ള മറുപടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചതിന് സിപിഎം അനുകൂല സൈബർ പ്രൊഫൈലുകളിൽ നിന്ന് മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീർഘമറുപടി. എന്നാൽ മറ്റ് പാർട്ടിക്കാരുടെ വ്യക്തിഹത്യയെക്കുറിച്ചും മാധ്യമങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. എന്നാൽ സ്വന്തം പാർട്ടിയിലുള്ളവർ നടത്തുന്ന സൈബറാക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞതുമില്ല. നീണ്ട ഉത്തരത്തിന് ശേഷം, കൃത്യം സമയത്ത് തന്നെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു. മറുചോദ്യത്തിന് അവസരം ഉണ്ടായതുമില്ല.

സമയം 6.43. സൈബർ സ്പേസ് വഴിയാണിപ്പോൾ സിപിഎം ഗുണ്ടകൾ മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനെക്കുറിച്ച് ഒറ്റവരിച്ചോദ്യം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി തുടങ്ങിയത്. അത് നീണ്ടത് 17 മിനിറ്റ്. 7 മണിക്ക് കൃത്യം വാർത്താസമ്മേളനം നിർത്തുകയും ചെയ്തു. 

എല്ലാത്തരം സൈബർ ആക്രമണങ്ങളും ഗൗരവതരമാണെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. പക്ഷേ അദ്ദേഹം എണ്ണിപ്പറഞ്ഞത് മുഴുവൻ എതിരാളികളുടെ സൈബറാക്രമണങ്ങളെക്കുറിച്ച് മാത്രം. ഇതിനൊന്നുമെതിരെ മാധ്യമങ്ങൾ പ്രതികരിച്ചില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയെ റോക്ക് ഡാൻസർ എന്ന് വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ചും, മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരെ ഉണ്ടായ സൈബറാക്രമണങ്ങളെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു. ''എഴുത്തുകാരായ കെ ആർ മീരയെയും ബെന്യാമിനെയും കോൺഗ്രസിന്‍റെ സൈബർ അണികൾ ആക്രമിച്ചില്ലേ?'', മുഖ്യമന്ത്രി ചോദിച്ചു. 

''എകെജി, ലോകം തന്നെ ആദരിക്കുന്ന നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവ്, അദ്ദേഹത്തെ അധിക്ഷേപിക്കുക മാത്രമല്ല, തന്‍റെ സംഘങ്ങൾക്ക് ആക്രമണത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നത് നാം കണ്ടില്ലേ? ആ നടപടിയെ കെപിസിസി പ്രസിഡന്‍റ് വിമർശിച്ചു. ആ പ്രസിഡന്‍റിന് ഇദ്ദേഹത്തിന്‍റെ അണികളിൽ നിന്ന് നേരിടേണ്ടി വന്ന സൈബറാക്രമണം ചില്ലറയാണോ? 

ഫേസ്ബുക്കിൽ കേട്ടാലറയ്ക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ ഒരു വനിത കേസ് നൽകിയത്. ഇവിടെ തെറിയഭിഷേകം നടത്തിയ അതേ ദിവസം തന്നെ മറ്റൊരു യുവനേതാവും കോൺഗ്രസ് എംഎൽഎയുമായ ആൾ ന്യായീകരിക്കാനായി ഇറങ്ങി ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും അസഭ്യം പറഞ്ഞില്ലേ? സ്ത്രീകളെ അടക്കം അസഭ്യം പറഞ്ഞില്ലേ? അതിന് ശേഷം, രണ്ട് ദിവസത്തിനകമാണ് ഹനാൻ എന്ന പെൺകുട്ടി അതിഭീകരമായ തെറിവിളികൾക്ക് വിധേയയായത്. പ്രതിപക്ഷനേതാവിനെ വിമർശിച്ചെന്നതാണ് ചാർത്തിയ കുറ്റം. പ്രതിപക്ഷനേതാവ് പണിതുതന്ന വീട്ടിലിരുന്ന് അതേ നേതാവിനെ വിമർശിക്കാൻ നാണമില്ലേ എന്ന് തുടങ്ങി അത് അശ്ലീലതയിലേക്ക് നീണ്ടു.

നമ്മുടെ നാടും ലോകവും നിപയെ തുരത്തുന്നതിനിടയിൽ ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയയിലും പുറത്തും വേട്ടയാടാൻ ശ്രമം നടന്നില്ലേ? ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഇടത്തേക്ക് മാർച്ച് നടത്തിയില്ലേ? ആരോഗ്യപ്രവർത്തകരെ ആക്രമിച്ചില്ലേ? പ്രതിപക്ഷത്തെ വിമർശിച്ചെന്നതായിരുന്നു കാരണം. എന്താണ് മാധ്യമപ്രവർത്തകരുടെ അവസ്ഥ? ന്യൂസ് 18-ലെ അവതാരികയെ എന്തുമാത്രം കേട്ടാലറയ്ക്കുന്ന അധിക്ഷേപമാണ് ഇക്കൂട്ടർ നടത്തിയത്? ഒടുവിൽ ചാനലിനെതിരെയും ഭീഷണി വന്നു. അപ്പോൾ ആ അവതാരികയെ പ്രൈം ടൈം ന്യൂസിൽ നിന്ന് മാറ്റി നിർത്തിയില്ലേ?

ഏഷ്യാനെറ്റിലെ ഒരു അവതാരിക നേരിട്ടത് എന്തായിരുന്നു? ഒരു കോൺഗ്രസ് പേജിൽ അവർക്കെതിരെ ഭീഷണിയും വാർത്തയും വന്നില്ലേ? ഇതിന്‍റെ പേരിൽ ചിലരെ അറസ്റ്റ് ചെയ്തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നമ്മൾ കണ്ടില്ലേ? (ഏഷ്യാനെറ്റ് ന്യൂസിന്‍റെ തിരുത്ത്: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാർ സംഘടനകളിലെ നേതാക്കളും സംവിധായകൻ മേജർ രവിയുമാണ് സൈബർ ആക്രമണം നടത്തിയതും, അതിന് ആഹ്വാനം നൽകിയതും. ജെഎൻയു വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ ദുർഗാദേവിയെക്കുറിച്ചുള്ള പരാമർശം നടത്തിയെന്ന തെറ്റായ ആരോപണമായിരുന്നു ആക്രമണത്തിന് കാരണം) മനോരമയിലെ മറ്റൊരു അവതാരികയ്ക്ക് എതിരെയും ഉയർന്നില്ലേ? ലൈംഗികച്ചുവയുള്ള കേട്ടാലറയ്ക്കുന്ന ആരോപണങ്ങൾ? 

എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിച്ചത്? ഏതുകൂട്ടരാണ് ചർച്ച നടത്തിയത്? ഇതിൽ ഇരട്ടത്താപ്പിന്‍റെ വശമുണ്ട്. അസഭ്യവർഷത്തിൽ പൂണ്ടുവിളയാടുന്നവരാണ് പ്രതിപക്ഷനേതാവും സംഘവും. സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും, ഞാനാവർത്തിക്കുന്നു, അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം എംഎൽഎമാരോടെങ്കിലും ഈ അസഭ്യവർഷം നിർത്താൻ പറയണം.

സ്വർണക്കടത്തിലെ പ്രതിയായ സന്ദീപ് സിപിഎം പ്രവ‍ർത്തകനാണ് എന്ന് വാർത്ത നൽകിയത് നമ്മുടെ നാട്ടിലെ പ്രമുഖമാധ്യമമല്ലേ? അത് തെറ്റെന്ന് തെളിഞ്ഞില്ലേ? കോടിയേരിയുടെ കക്ഷത്തിലേക്ക് സൂം ചെയ്ത് ഏലസ്സെന്ന് പറ‌ഞ്ഞില്ലേ? അതൊരു മെഡിക്കൽ ഉപകരണമായിരുന്നില്ലേ? 

ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ട സിപിഎം പ്രവർത്തകർ കോൺഗ്രസ് വനിതാനേതാവിന്‍റെ മുടി മുറിച്ചെന്ന് വാർത്ത വന്നത്. അവർ സ്വയം മുടി മുറിച്ചെതെന്ന് പിന്നെ വ്യക്തമായി. അത് തിരുത്തിയോ? 

കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ അന്ന് കെവിൻ വധക്കേസിൽ സിപിഎം പ്രവർത്തകർക്ക് പങ്കെന്ന് രാവിലെ മുതൽ വൈകിട്ട് വരെ വിളിച്ച് പറഞ്ഞില്ലേ? ചാരക്കേസിൽ പ്രമുഖശാസ്ത്രജ്ഞൻ നമ്പി നാരായണനെ വേട്ടയാടിയില്ലേ? 

ഈ കാര്യം കൂടുതലായി നീട്ടുന്നത് നല്ലതല്ല. ഇന്നത്തെ ഘട്ടത്തിൽ യോജിച്ച് ചെയ്യാവുന്നത് പറഞ്ഞുകൊണ്ട് നിൽക്കാം. അതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്'', എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുമ്പോൾ, കൂടുതലൊരു ചോദ്യത്തിന് സമയമുണ്ടായിരുന്നില്ല താനും. 

വീഡിയോ കാണാം: