Asianet News MalayalamAsianet News Malayalam

തോൽവിക്ക് കാരണം ആന്‍റണിയോ? കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിൽ സൈബര്‍ വിഴുപ്പലക്കൽ

ദേശീയ തലത്തിലെ കനത്ത തോൽവിക്ക് കാരണം ആന്‍റണിയും കെ സി വേണുഗോപാലുമാണെന്ന സൈബർ വിമർശനങ്ങൾ ഉയരുന്നു. യുപിയിൽ സഖ്യം പൊളിച്ചത് ആന്‍റണിയാണെന്നും കർണാടകയിൽ തോറ്റതിന് കാരണം വേണുഗോപാലാണെന്നും പ്രചാരണങ്ങൾ. തമ്മിൽത്തല്ല് നേതൃത്വത്തിന് ചില്ലറ തലവേദനയല്ല. 

cyber war between a and i groups on ak antony and failure of congress
Author
Thiruvananthapuram, First Published Jun 9, 2019, 7:18 PM IST

തിരുവനന്തപുരം/ദില്ലി: ദേശീയതലത്തിൽ കോൺഗ്രസിന്‍റെ വൻ തോൽവിക്ക് കാരണക്കാർ ആരൊക്കെ? ആശയക്കുഴപ്പങ്ങൾക്കും കടുത്ത പ്രതിസന്ധികൾക്കുമിടെ കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇതിനെച്ചൊല്ലി വലിയ സൈബർ വിഴുപ്പലക്കലാണ് നടക്കുന്നത്. 

ദേശീയ തലത്തിലെ കനത്ത തോൽവിക്ക് കാരണം ആന്‍റണിയും കെ സി വേണുഗോപാലുമാണെന്ന സൈബർ വിമർശനങ്ങൾ ഉയരുന്നു. യുപിയിൽ സഖ്യം പൊളിച്ചത് ആന്‍റണിയാണെന്നും കർണാടകയിൽ തോറ്റതിന് കാരണം വേണുഗോപാലാണെന്നും പ്രചാരണങ്ങൾ. തമ്മിൽത്തല്ല് നേതൃത്വത്തിന് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്.

കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിലും മറ്റ് സൈബറിടങ്ങളിലും പോസ്റ്റുകളും ചർച്ചകളും സജീവമാകുന്നതിനിടെ ആദ്യം പ്രതിരോധിച്ചത് എ കെ ആന്‍റണിയുടെ മകൻ മകൻ അജിത് ആന്‍റണി തന്നെയാണ്. യുപിയിലെ സഖ്യം ആന്‍റണി പൊളിച്ചെന്ന വാദം തള്ളിയ അജിത് തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് ഓ‌ർമ്മിപ്പിച്ച് അച്ഛനെ തുണച്ചു.

അതേസമയം, ഇതിനെതിരായ പരസ്യപ്രതികരണങ്ങളും ഫേസ്ബുക്കിൽ സജീവമാണ്. പരസ്യമായ വിഴുപ്പലക്കലിനെതിരെ ഫേസ്ബുക്കിലൂടെ കെപിസിസി ട്രഷറ‌ർ ജോൺസൺ എബ്രഹാമും തുറന്നടിച്ചു. നേതാക്കൾക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായും കർട്ടന് പിന്നിൽ വിഡ്ഢികളാണുള്ളതെന്നുമാണ് ജോൺസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

നേതാക്കളെ അധിക്ഷേപിക്കുന്നത് അതീവ ഗൗരവമേറിയ കാര്യമാണ്. കോൺഗ്രസ്സുകാരുടെ റോൾ മോഡലായ ആന്‍റണി നേതൃനിരയിൽ തുടരണം. പ്രതിസന്ധികാലത്ത്, എതിരാളികളുടെ കയ്യിലെ ഉപകരണങ്ങളായി, ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന, കർട്ടന് പിറകിൽ നിൽക്കുന്ന വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്ന പഴംതീനി വവ്വാലുകൾക്കെതിരെ ജാഗ്രത വേണം. ജോൺസൺ എബ്രഹാം പോസ്റ്റിൽ പറയുന്നു.

ഗത്യന്തരമില്ലാതെ ഇടപെട്ട് നേതൃത്വം

അതേസമയം, നേതാക്കൾക്കെതിരെ പരസ്യമായ ഇത്തരം വിഴുപ്പലക്കൽ നടക്കുന്നതിനെതിരെ ആദ്യം വി എം സുധീരൻ അടക്കമുള്ളവർ രംഗത്തു വന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്നീട് അച്ചടക്കം വേണമെന്നോർമിപ്പിച്ച് ഫേസ്ബുക്കിൽത്തന്നെ പോസ്റ്റിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം എ കെ ആന്‍റണിയുടെ മാത്രം തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോസ്റ്റിൽ പറയുന്നു. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരില്‍ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പല തരം ഐഡികളിൽ നിന്നുള്ള വിമർശനങ്ങൾക്ക് പിന്നിൽ എ - ഐ ഗ്രൂപ്പുകളാണെന്നാണ് സുധീരപക്ഷത്തിന്‍റെ സംശയം. അതിന്‍റെ അടിസ്ഥാനത്തിലാണ് സുധീരനൊപ്പമുള്ള കെപിസിസി ട്രഷറർ ജോൺസൺ എബ്രഹാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

സൈബർ രംഗത്തെ നേതാക്കളുടെയും പ്രവർത്തകരുടെയും പോസ്റ്റുകളടക്കം നിരീക്ഷിക്കാനുള്ള ഡിജിറ്റൽ മീഡിയ സെൽ നിലവിലുള്ളപ്പോഴാണ് സൈബർ പോര്. സെല്ലിന്‍റെ കൺവീനർ ആൻറണിയുടെ മറ്റൊരു മകനായ അനിൽ ആന്‍റണിയാണ്. സൈബർ വിമർശനങ്ങൾക്കെതിരെ സുധീരപക്ഷം കെപിസിസിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണിപ്പോൾ.

Follow Us:
Download App:
  • android
  • ios