പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാൻ കേന്ദ്ര സർക്കാർ പുതിയ വഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും ഉൾപ്പെടെയുള്ള ആസ്തികൾ വിറ്റഴിച്ച് 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ 2.0 വഴിയാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനും അധിക വരുമാനം കണ്ടെത്താനുമായി സര്‍ക്കാര്‍ ഭൂമിയും ആസ്തികളും വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇതിന് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കും. വരുമാനം കണ്ടെത്താനുള്ള പുതിയ വഴികള്‍ തേടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് എന്നിവയുടെ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍പ് നിക്ഷേപകരുടെ താല്പര്യക്കുറവും മൂല്യനിര്‍ണ്ണയത്തിലെ ആശങ്കകളും കാരണം നിര്‍ത്തിവെച്ചിരുന്ന ഐഡിബിഐ ബാങ്കിന്റെ വില്‍പന സര്‍ക്കാര്‍ പുനരാരംഭിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലക്ഷ്യം 10 ലക്ഷം കോടി രൂപ

നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ 2.0 പ്രകാരം 2026 മുതല്‍ 2030 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ ആസ്തികള്‍ വിറ്റഴിച്ച് 10 ലക്ഷം കോടി രൂപ കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമായ എന്‍എംപി 1.0 വഴി ലക്ഷ്യമിട്ടിരുന്ന 6 ലക്ഷം കോടി രൂപയുടെ 90 ശതമാനവും നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇതിനൊപ്പം നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ വഴി ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയും മറ്റ് പ്രധാനമല്ലാത്ത ആസ്തികളും പണമാക്കി മാറ്റുന്ന നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഡിപിഇയുടെ കണക്കുകള്‍ പ്രകാരം 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 10,048 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ പണമാക്കി മാറ്റുന്നതിനുള്ള അനുമതികള്‍ ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ബാധ്യതയ്ക്ക് കാരണം എന്ത്?

അടുത്തിടെ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പദ്ധതികളാണ് സര്‍ക്കാരിന്റെ ഭാരം വര്‍ധിപ്പിച്ചത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി 1 ലക്ഷം കോടി രൂപയുടെ 'ഇക്കണോമിക് സ്റ്റെബിലൈസേഷന്‍ ഫണ്ട്' സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് 10,000 കോടി രൂപ വിമാന ഇന്ധന വില സ്ഥിരപ്പെടുത്താന്‍ എണ്ണ വിപണന കമ്പനികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങളെയും വ്യോമയാന മേഖലയെയും സഹായിക്കുന്നതിനായി 18,000 കോടി രൂപ വകയിരുത്തി പുതിയ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.