ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാനായി എക്സറ്റന്‍ഷന്‍ കിട്ടിയ അവസാന ദിവസത്തില്‍പോലും തീസിസ് ഒപ്പിട്ട് നല്‍കാന്‍ വകുപ്പ് തലവന്‍ മടി കാണിച്ചെന്ന് സിന്ധു വൈസ് ചാന്‍സലറിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
കോഴിക്കോട്: പിഎച്ച്ഡി തീസിസ് സ്വീകരിക്കുന്നതില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ കാലതാമസം വരുത്തിയെന്ന പരാതിയുമായി ദലിത് വിദ്യാര്‍ത്ഥിനി. ജെആര്‍എഫ് നേടിയ ശേഷം ഗവേഷണമാരംഭിച്ച സിന്ധു പി എന്ന വിദ്യാര്‍ത്ഥിനിയുടേതാണ് പരാതി. ഗൈഡ് അനുമതി നല്‍കിയ തീസിസ് സ്വീകരിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള കേരള പഠനവിഭാഗം തലവന്‍ ഡോ. എല്‍ തോമസ് കുട്ടി കാലതാമസം വരുത്തിയെന്നാണ് പരാതി.
2011 ഡിസംബറിലായിരുന്നു ജെആര്‍എഫ് നേടിയ ശേഷം സിന്ധു ഗവേഷകയായി രജിസ്റ്റര്‍ ചെയ്യുന്നത്. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാൻ എക്സറ്റന്‍ഷന്‍ കിട്ടിയ അവസാന ദിവസത്തില്‍പോലും തീസിസ് ഒപ്പിട്ട് നല്‍കാന്‍ വകുപ്പ് തലവന്‍ മടി കാണിച്ചെന്ന് സിന്ധു വൈസ് ചാന്‍സലറിന് സമര്‍പ്പിച്ച പരാതിയില്‍ വിശദമാക്കുന്നു. ഇതേസമയത്ത് തീസിസ് സമര്‍പ്പിച്ച മറ്റ് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മേധാവി ഒപ്പിട്ട് നല്‍കിയെന്നും പരാതിയിലുണ്ട്. ഒപ്പിട്ട് നല്‍കാനുള്ള കാലതാമസത്തേക്കുറിച്ച് വ്യക്തമായ ഒരു കാരണവും വകുപ്പ് മേധാവി നല്‍കിയില്ലെന്നും സിന്ധു പറയുന്നു.

ഒപ്പിടാനുള്ള കാലതാമസത്തെക്കുറിച്ച് കാരണമന്വേഷിച്ച ഓഫീസ് സ്റ്റാഫിനോട് തിടുക്കം കാണിക്കേണ്ട അത് ഞാന്‍ തരാം എന്നായിരുന്നു ഡോ എല്‍ തോമസ് കുട്ടി മറുപടി നല്‍കിയത്. മോശം ആരോഗ്യ സ്ഥിതിയില്‍ വകുപ്പ് മേധാവിയെ കാണാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് അനുഭാവപൂര്‍വ്വമായ സമീപനം പോലും വകുപ്പ് അധ്യക്ഷന്‍ കാണിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. റീ രജിസ്ട്രേഷന്‍ കാലാവധി തീരുമോയെന്ന ആശങ്കയുണ്ടായിരുന്നെന്ന് സിന്ധു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ദളിത് വിദ്യാര്‍ത്ഥിനിയെന്ന നിലയിലാണ് തീവ്രമായ വിവേചനം നേരിടേണ്ടി വന്നതെന്നാണ് സിന്ധു ആരോപിക്കുന്നത്.
വകുപ്പധ്യക്ഷനായ ഈ അധ്യാപകന്‍റെ ഗൈഡ്ഷിപ്പിൽ ഗവേഷണമാരംഭിക്കുകയും മാനസികപീഡനം മൂലം 2015ൽ അദ്ദേഹത്തിനെതിരെ പരാതി നൽകുകയും യൂണിവേഴ്സിറ്റിയുടെ അനുവാദത്തോടെ മറ്റൊരു ഗൈഡിന് കീഴിലേക്ക് മാറുകയും ചെയ്ത ആളിന്‍റെ ഭാര്യ എന്ന നിലയിലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഡോ എസ്‍ തോമസ് കുട്ടി ശ്രമിച്ചുവെന്ന് സിന്ധു പറഞ്ഞു. സിന്ധുവിന്‍റെ പരാതിയെക്കുറിച്ച് തിരക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വകുപ്പ് മേധാവിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
