നാളെ ദലിത് - ആദിവാസി സംഘടനകളുടെ ഹർത്താൽ ആഹ്വാനം; ജനജീവിതം തടസപ്പെടുത്തില്ലെന്ന് ഭാരവാഹികൾ
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തണമെന്നാണ് പ്രധാന ആവശ്യം.
ഇടുക്കി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓഗസ്റ്റ് 21ന് ദലിത്, ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
ദേശീയതലത്തിൽ വിവിധ ദലിത് ബഹുജൻ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്ന ദാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ ഹർത്താൽ ആചരിക്കണമെന്ന് വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌തത്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമ നിർമ്മാണം നടത്തണമെന്നാണ് പ്രധാന ആവശ്യം. പ്രവർത്തകരും നേതാക്കളും വിവിധ ജില്ലാ കേന്ദ്രങ്ങളിലെത്തി ഹർത്താലിന് പിന്തുണ അറിയിച്ച് പ്രകടനം നടത്തുമെന്നും അക്രമ സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സമരസമിതി നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം