കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പർ തൂൺ ഇനി അശക്തമല്ല. ബലപ്പെടുത്തിയ തൂണിന് മുകളിലൂടെ ഇനി ഏഴര മിനിറ്റ് ഇടവേളയിൽ മെട്രോ ട്രെയിനുകള്‍ കടന്ന് പോകും.
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് തൂൺ ബലപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇതോടെ നാല് മാസമായി തുടർന്ന മെട്രോ സർവീസിനുള്ള നിയന്ത്രണം പിൻവലിച്ചു.
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പർ തൂൺ ഇനി അശക്തമല്ല. ബലപ്പെടുത്തിയ തൂണിന് മുകളിലൂടെ ഇനി ഏഴര മിനിറ്റ് ഇടവേളയിൽ മെട്രോ ട്രെയിനുകള്‍ കടന്ന് പോകും. നാല് മാസ് മുമ്പ് ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് 20 മിനിറ്റ് ഇടവിട്ടാക്കി നിയന്ത്രിച്ചിരുന്നു. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന ബന്ധിപ്പിച്ചാണ് തൂണിന്‍റെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗിലൂടെ ട്രെയിൻ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കി. ഇതോടെയാണ് മെട്രോ സർവീസ് നിയന്ത്രണം പിൻവലിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പത്തടിപ്പാലത്തെ മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിൽ അകൽച്ച കണ്ടെത്തുന്നത്. പരിശോധനയിൽ തൂണിന്‍റെ ബലക്ഷയമാണ് പ്രശ്നമെന്ന് വ്യക്തമായി. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിരുന്നില്ല. പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. തുടർന്ന് ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പണികൾക്കൊടുവിലാണ് ബലക്ഷയം പരിഹരിച്ചത്.
റെക്കോർഡിട്ട് കൊച്ചി മെട്രോ
അഞ്ചാം വാർഷിക ദിനമായ വെള്ളിയാഴ്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. പ്രത്യേക പരിപാടിയായി അവതരിപ്പിച്ച അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. രാത്രി എട്ട് മണിവരെ 101152 പേരാണ് മെട്രോയിൽ യാത്രചെയ്തത്. റെക്കോർഡ് യാത്രാനിരക്കാണിത്.
നേരത്തെ മെട്രോയിൽ പ്രതിദിനം കയറിയ യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഏദേശം 70000 ആയിരുന്നു. കൊവിഡ് സമയത്ത് ഗണ്യമായി കുറഞ്ഞ് 20000- 30000 യാത്രക്കാർ വരെയായി ചുരുങ്ങിയിരുന്നു. പ്രത്യേക ഓഫർ ദിനത്തിലാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് മെട്രോയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്
കൊച്ചി മെട്രോ ട്രാക്കിലായി അഞ്ചാം വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് രൂപ യാത്ര എന്ന മെട്രോ പ്രഖ്യാപനമാണ് ഫലം കണ്ടത്.ഏത് സ്റ്റേഷനിലേക്കും ദൂരപരിധി കണക്കാക്കാതെ അഞ്ച് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
