സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ ബ്രൂണെയിൽ നിന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി തുടങ്ങി. കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിക്കുന്ന സർക്കാർ, മറ്റ് പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കുന്നുണ്ട്
തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന വ്യാജ പ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. നിലവിൽ അസുഖബാധിതനായി ബ്രൂണെയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പുനരധിവാസത്തിനായി ഇടപെടണമെന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാൻ സർക്കാർ സൗകര്യമൊരുക്കുന്നത്. ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോ എന്ന കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പകരം മറ്റെന്തെങ്കിലും പുനരധിവാസ ക്രമീകരണങ്ങൾ ആലോചിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബ്രൂണെയിലുള്ളത് ഒളിവിലുള്ള സുകുമാരക്കുറുപ്പല്ലെന്നും ദാമോദര മേനോൻ തന്നെയാണെന്നും പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. അസുഖ ബാധിതനായ ദാമോദര മേനോനെ പുനരധിവസിപ്പിക്കാൻ നോർക്ക ഇടപെട്ടതിന്‍റെ രേഖ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.
വിശദ വിവരങ്ങൾ
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ ദാമോദര മേനോനെ ഏറ്റെടുക്കാൻ കുടുംബം തയ്യാറല്ലെന്നും സർക്കാർ സംരക്ഷണം നല്‍കണമെന്നുമായിരുന്നു ഹൈക്കമ്മീഷന്‍റെ ആവശ്യം. ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടെയാണ് ദാമോദര മേനോൻ സുകുമാര കുറുപ്പാണെന്ന വ്യാജ പ്രചാരണം ഉണ്ടായത്. പുറത്ത് വന്ന ചിത്രങ്ങള്‍ കുറുപ്പിന്‍റേത് അല്ലെന്നും തൃശ്ശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോൻ ആണെന്നും പൊലീസ് അന്വഷണത്തിലാണ് ആദ്യം വ്യക്തമായത്. ദാമോദര മേനോന്‍റെ പാസ്പോർട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നോർക്കയുടെ കത്ത് ഏഷ്യാനെറ്റ് ന്യസ് പുറത്ത് വിട്ടതോടെ പ്രചരണം തെറ്റെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് രോഗബാധയ്ക്കൊപ്പം വ്യാജ പ്രചാരണത്തിനും ഇരയായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടലുണ്ടാകുന്നത്. ഏറ്റെടുക്കാൻ കുടുംബം തയ്യാറാണോയെന്ന് നോർക്ക പരിശോധിക്കും. ഇല്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകും. അതേസമയം കുറുപ്പെന്ന വ്യാജപ്രചരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവ് കിട്ടിയെന്ന അലി അക്ബറിന്‍റെ വാദ തെറ്റെന്നാണ് ക്രൈബ്രാഞ്ച് നിലപാട്. അന്വേഷണത്തിന് അലി അക്ബറിനെ ചുമതലപ്പെടുത്തിയതിന്‍റെ രേഖകളൊന്നും കണ്ടെത്താന്‍ നിലവിൽ അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന?
അതേസമയം പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും പുതിയ വ്യാജ പ്രചാരണത്തിലെ ഗൂഢാലോചനയും അന്വേഷിക്കുക. ബ്രൂണോയിൽ കണ്ടെത്തിയത് സുകുമാര കുറപ്പല്ലെന്ന് സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്‍റർപോളിന് കത്തയക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചിരുന്നു.

