വയനാട്: വയനാട് താമരശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയ കാര്‍ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 2001 മോഡൽ സാൻട്രോ കാറാണ് കസ്റ്റഡിയിലെടുത്തത്. ഉടമ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോട്ടാര്‍ വാഹന വകുപ്പിന്‍റെ നടപടി. വാഹന ഉടമ തന്നെയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി. കാറിന്‍റെ ഉടമ ഷബീറിന്‍റെ ലൈസന്‍സ് നാളെ മുതല്‍ താല്‍കാലികമായി സസ്പെന്‍റ് ചെയ്യും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് താമരശേരി ചുരത്തിന്‍റെ അഞ്ചാം വളവിലൂടെ, കാറിന്‍റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വയനാട് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. കാറിന്‍റെ ഉടമ പേരാമ്പ സ്വദേശി ഷബീറിനോട് ഇന്ന് വാഹനവുമായി നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, ഷബീര്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് കോഴിക്കോട് ചേവായൂര്‍ വെച്ച് വാഹനം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം  കസ്റ്റഡിയിലെടുത്തത്. ചുരത്തില്‍ വാഹനമോടിച്ചത് ഷബീര്‍ തന്നെയെന്ന് ബോധ്യമായതോടെ നാളെ ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനം നാളെ പരിശോധിച്ച് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.