Asianet News MalayalamAsianet News Malayalam

ലഹരി വില്‍പനയ്ക്ക് വച്ച് ആയിരക്കണക്കിന് സൈറ്റുകൾ; ഡാർക്ക് വെബ്ബിൽ വന്‍കിട ഇടപാടുകൾ

രാജ്യത്ത് പ്രമുഖരുൾപ്പെട്ട മയക്കുമരുന്ന് കേസുകളും വിവാദങ്ങളും ചർച്ചകളില്‍ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. എന്നാല്‍ ഇതൊന്നും വന്‍കിട ലഹരി ഇടപാടുകാരുടെ രോമത്തില്‍ പോലും സ്പർശിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

dark web used for drug dealings bengaluru turns into hub for illegal drugs
Author
Bengaluru, First Published Jul 20, 2021, 1:27 PM IST

ബെംഗളൂരു: പ്രമുഖരുൾപ്പെട്ട മയക്കുമരുന്ന് കേസുകൾ വലിയ വിവാദമാകുമ്പോഴും വന്‍കിട ലഹരി വില്‍പ്പനയെ ഇതൊന്നും ബാധിക്കുന്നില്ല. വിവിധ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ലഹരിവസ്തുക്കൾ ഡാർക്ക് വെബ്ബില്‍നിന്നാണ് ബെംഗളൂരുവിലെ വിദ്യാർത്ഥികളടക്കം വാങ്ങുന്നത്. നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങളെ തടയാന്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതല്‍ സമയവും സ്വാതന്ത്ര്യവും നൽകണമെന്ന് സൈബർ വിദഗ്ധർ പറയുന്നു.

രാജ്യത്ത് പ്രമുഖരുൾപ്പെട്ട മയക്കുമരുന്ന് കേസുകളും വിവാദങ്ങളും ചർച്ചകളില്‍ നിറഞ്ഞ ഒരു വർഷമാണ് കടന്നുപോയത്. എന്നാല്‍ ഇതൊന്നും വന്‍കിട ലഹരി ഇടപാടുകാരുടെ രോമത്തില്‍ പോലും സ്പർശിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കർണാടകത്തിലെ മാത്രം കണക്കെടുത്താല്‍ കഴിഞ്ഞ ഒരു വർഷം 23,829 കിലോ കഞ്ചാവ്, 5.3 കിലോ ചരസ്, 34.4 കിലോ പോപ്പി, ആയിരം എംഡിഎംഎ ഗുളികകൾ, 1 കിലോ ബ്രൗൺഷുഗർ, 1298 എല്‍എസ്ഡി സ്ട്രിപ്പുകൾ എന്നിവയാണ് സംസ്ഥാന പൊലീസ് പിടികൂടിയത്. കേന്ദ്ര ഏജന്‍സികൾ പിടിച്ചെടുത്തത് കൂടാതെയാണിത്. ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തം. 

ബെംഗളൂരു കേന്ദ്രമാക്കിയുള്ള ഡ്രഗ് കാർട്ടല്‍ അയല്‍ സംസ്ഥാനങ്ങൾക്കടക്കം വലിയ ഭീഷണിയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ഡാർക്ക് വെബ്ബ് വഴിയാണ് ഇപ്പോൾ വന്‍കിട ലഹരി ഇടപാടുകളെല്ലാം നടക്കുന്നത്. ഷോപ്പിംഗ് സൈറ്റുകൾപോലുള്ള ആയികണക്കിന് ലഹരിവില്‍പന സൈറ്റുകളാണ് ഉള്ളത്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍വരെ ബിറ്റ്കോയിനുപയോഗിച്ച് ആർക്കും ഏത് തരം ലഹരിവസ്തുക്കളും വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകൾ നടത്താം. 

ഇങ്ങനെ വാങ്ങുന്ന ലഹരി വസ്തുക്കൾ കൊറിയർ വഴി രാജ്യത്തെത്തുമ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പിടികൂടിയ നിരവധി കേസുകളാണ് ബെംഗളൂരുവില്‍ ഓരോ മാസവും റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ഒരിക്കലും ഈ ലഹരി ഉറവിടത്തിന്‍റെ അടുത്തേക്ക് പോലുമെത്തുന്നില്ല.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഡാർക് വെബ്ബില്‍ നിന്നും വാങ്ങിയ എക്സറ്റസി ഗുളികകളാണ് പിടികൂടിയത്. എന്നാല്‍ അന്വേഷണം ചെറിയ ഇടപാടുകാരില്‍ അവസാനിച്ചു. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് തടയിടാന്‍ അന്വേഷണ ഏജന്‍സികൾ സൈബർ സുരക്ഷാ രംഗത്ത് ഇപ്പോഴുള്ളതിന്‍റെ പതിന്മടങ്ങ് ശ്രദ്ധ നല്‍കിയേ മതിയാകൂ.

Follow Us:
Download App:
  • android
  • ios