പിറവം: രണ്ട് ദിവസത്തെ തര്‍ക്കത്തിനൊടുവില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയിൽ സംസ്കരിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസിയാകാമെന്ന് ഏക മകൾ സമ്മതിച്ചതോടെയാണ് കുടംബക്കല്ലറയില്‍ മൃതദേഹം അടക്കാന്‍ പിറവം നെച്ചൂര്‍ പള്ളി ഭാരവാഹികൾ തയ്യാറായത്. എണ്‍പതുകാരിയായ തൊഴുപ്പാട് ചിന്നമ്മ മത്തായി മരിച്ചത് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു. 

30 കൊല്ലം മുമ്പ് ഭര്‍ത്താവിനെ അടക്കിയ കല്ലറയില്‍ തന്നെയും ഖബറടക്കണം എന്നായിരുന്നു ചിന്നമ്മയുടെ അന്ത്യാഭിലാഷം. പക്ഷേ സഭാ തര്‍ക്കം ഇതിന് വിലങ്ങുതടിയായി. ഓര്‍ത്തോഡ്ക്സ് വിഭാഗത്തിന്‍റെ കയ്യിലാണ് പളളിയുടെ അവകാശം ഇപ്പോഴുള്ളത്. ചിന്നമ്മയുടെ കുടുംബം യാക്കോബായ വിഭാഗക്കാരാണ്. ചിന്നമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കണമെങ്കില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ ചേരുന്നതായി എഴുതിയ നല്‍കണം എന്ന് പള്ളിഭാരവാഹികള്‍ നിര്‍ബന്ധം പിടിച്ചു. 

ചിന്നമ്മയുടെ കുടുംബം ഇതിന് തയ്യാറായില്ല. പക്ഷേ അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റണമെന്ന് തീരുമാനിച്ച ഏക മകള്‍ മിനി ഓര്‍ത്തഡോക്സ് വിശ്വാസിയാകാമെന്ന് പള്ളി വികാരിയെ അറിയിച്ചു. ഒടുവില്‍ രണ്ട് ദിവസത്തെ കാത്തിരുപ്പ് അവസാനിപ്പിച്ച് മൃതദേഹം അന്ത്യശ്രുശ്രൂഷകള്‍ക്കായി പള്ളിക്കുള്ളിലേക്ക് എത്തിച്ചു. പിന്നെ കല്ലറക്കുള്ളില്‍ അന്ത്യവിശ്രമവും.