ഗുരുതരമായി പരിക്കേറ്റ ചരുവിള വീട്ടിൽ ബാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
ഇന്ന് മൂന്ന് മണിക്കായിരുന്നു സംഭവം. ജയകുമാറിന്റെ മകളും ബാലുവുമായി വർഷങ്ങളായി അടുപ്പത്തിലാണ്. മൂന്നു വർഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ബാലുവിനെതിരെ പോക്സോ കേസെടുക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വീട്ടിന് പുറകിൽ രണ്ടു പേരെയും കണ്ട് ജയകുമാർ പ്രകോപിതനാകുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ വെട്ടുകയുമായിരുന്നു. തലയ്ക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. വെട്ടിയ ശേഷം വെട്ടികത്തിയുമായി വർക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വർക്കല ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ബാലുവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മദ്യലഹരിയിൽ ഭാര്യയെ വെട്ടി, ഭർത്താവ് കസ്റ്റഡിയിൽ; നാൽപ്പതുകാരിക്ക് ഗുരുതര പരിക്ക്
വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. സതിയെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം.
