അപകടം പിടിച്ച തൊഴിലിടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ 5 വയസ്സു‌ വരെയുള്ള കുട്ടികളുമായാണ് ഇതര സംസ്ഥാന തൊഴിലാളി സ്ത്രീകൾ ജോലിക്കെത്തുന്നത്. 

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്കായി എറണാകുളം പെരുമ്പാവൂരിൽ ഡേ കെയർ സംവിധാനം ഒരുങ്ങുന്നു. അമ്മ ജോലി ചെയ്യുന്ന പ്ലൈവുഡ് പ്ലാന്റിലെ മാലിന്യക്കുഴിയിൽ‌ വീണ് നാലുവയസ്സുകാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടികൾ വേ​ഗത്തിലായത്. പിഞ്ചുകുഞ്ഞുങ്ങളുമായി ഇതരസംസ്ഥാനതൊഴിലാളി സ്ത്രീകൾ ജോലിക്കെത്തുന്നു എന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് ഡെ കെയർ തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. അപകടം പിടിച്ച തൊഴിലിടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ 5 വയസ്സു‌ വരെയുള്ള കുട്ടികളുമായാണ് ഇതര സംസ്ഥാന തൊഴിലാളി സ്ത്രീകൾ ജോലിക്കെത്തുന്നത്. പ്ലൈവുഡ് കമ്പനിയിലെ യന്ത്രങ്ങൾക്കിടയിലും പരിസരങ്ങളിലുമായി കുഞ്ഞുങ്ങൾ നടക്കുന്ന ഉള്ളുലക്കുന്ന കാഴ്ച ഏഷ്യാനെറ്റ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നത്. 

വാർത്ത ശ്രദ്ധയിൽ‌പെട്ട ജില്ലാ ഭരണകൂടം പെരുമ്പാവൂർ, വാഴക്കുളം ബ്ലോക്ക് മേഖലകളിൽ കൂടുതൽ സമയം പ്രവർത്തിക്കുന്ന ഡേ കെയറുകൾ തുടങ്ങാൻ നടപടികളെടുത്തു. ''റിപ്പോർട്ടിന് ശേഷം ശ്രദ്ധിച്ച കാര്യം അം​ഗൻവാടികൾ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർ ​രാവിലെ ആറരമണിക്കും ഏഴുമണിക്കും ജോലിക്ക് പോകുകയും വൈകിട്ട് വളരെ വൈകി വരികയും ചെയ്യുമ്പോൾ അം​ഗൻവാടികളിലെ കൃത്യസമയത്ത് അവർക്ക് കുട്ടികളെ എത്തിക്കാൻ കഴിയുന്നില്ല. രാവിലെ ഏഴ് മണിക്ക് പോകുമ്പോൾ അം​ഗൻവാടി തുറക്കുന്നത് വരെ കുട്ടികളെ എവിടെ ഏൽപിക്കുമെന്ന് പോലും അവർക്ക് അറിയില്ല. അതുപോലെ തന്നെ അം​ഗൻവാടി പൂട്ടിക്കഴിഞ്ഞാൽ വൈകുന്നേരം ഇവർ രാത്രി തിരിച്ചു വരുന്നത് വരെ കുഞ്ഞുങ്ങളെ നോക്കാനും ആരുമില്ല.'' കളക്ടർ രേണു രാജ് പറയുന്നു.

ഇതിന് പിന്നാലെയാണ് കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇതോടെ പ്രവർത്തനങ്ങൾക്ക് വേ​ഗം വെച്ചു. എഡിഎംന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടമെന്ന നിലയിൽ തൊഴിലാളി കുടുംബങ്ങൾ ഏറെയുളള വെങ്ങോല. വാഴക്കുളം പഞ്ചായത്തുകളിൽ കെട്ടിടം കണ്ടെത്തും. ഇതിനായി വനിത ശിശുവികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് പ്രോ​ഗ്രാം ഓഫീസറെ ചുമതലപ്പെടുത്തി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡെ കെയർ തുടങ്ങുക. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിൽ ഡേ കെയർ പദ്ധതി സമർപ്പിക്കാൻ പ്രദേശത്തെ പഞ്ചായത്തുകളോടും ആവശ്യപ്പെടും.

അതിഥി തൊഴിലാളികളുടെ മക്കൾക്കായി പെരുമ്പാവൂരിൽ ഡേ കെയർ വരുന്നു | Day Care