പുനലൂരിൽ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഞ്ജയ് ഖാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികൾ പ്രചരണവും തുടങ്ങി.

കൊല്ലം: പുനലൂരിൽ യുഡിഎഫിന് തലവേദനയായി വീണ്ടും വിമത നീക്കം. കോൺഗ്രസ് വിമതനെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നും നാളെ നാമനിർദ്ദേശ പത്രിക നൽകുമെന്നും സഞ്ജയ് ഖാൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയതിന് പിന്നാലെ ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെ വിമതനെ പിൻവലിച്ചു. ഈ തീരുമാനമാണ് ഇന്ന് പുനലൂരിൽ നാടകീയ രംഗങ്ങൾക്കും പ്രഖ്യാപനത്തിനും വഴിവെച്ചത്. ലീഗിന് വഴങ്ങിയുള്ള നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ കോൺഗ്രസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സഞ്ജയ് ഖാനെ നേതാക്കളും പ്രവർത്തകരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നാലെയാണ് പുനലൂരിൽ താൻ മത്സരിക്കുമെന്ന സഞ്ജയ് ഖാൻ്റെ പ്രഖ്യാപനം വന്നത്. തോൽക്കാൻ വേണ്ടിയാണ് വീണ്ടും ലീഗിന് സീറ്റ് നൽകിയത്. അതിന് ഒപ്പം നിൽക്കാൻ കഴിയില്ല. പുനലൂരിൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി സഞ്ജയ് ഖാനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികൾ പ്രചരണവും തുടങ്ങി. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റാണ് നേതൃത്വം ലീഗിന് നൽകിയതെന്നും സഞ്ജയ് ഖാൻ പറയുന്നു. സഞ്ജയ് ഖാനെ അനുനയിപ്പിക്കാൻ പാർട്ടിയിൽ ശ്രമം തുടങ്ങി. പിണക്കം അവസാനിപ്പിച്ച് ലീഗിനായി പ്രചരണത്തിന് ഇറങ്ങാനാണ് കോൺഗ്രസ് നിയോജമ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming