തൃശ്ശൂരിൽ ജോസ് വള്ളൂർ ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യാതിഥി. 

തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലി പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ അഞ്ച് ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏൽക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ഇന്ന്
ചുമതല ഏൽക്കും. രാവിലെ 11നാണ് ചടങ്ങ്. കെ മുരളീധരൻ കൊടിക്കുന്നിൽ സുരേഷ് പി.ടി.തോമസ് എന്നിവർ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ഡിസിസി പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സ്ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങൾ
നിർണ്ണായകമാണ്. പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പി.എസ്.പ്രശാന്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മിൽ ഇന്നലെ ചേർന്നിരുന്നു. സ്ഥനാരോഹണചടങ്ങില്‍ ഇക്കാര്യങ്ങൾ ചർച്ചയാകും.

തൃശ്ശൂർ ഡി സി സി പ്രസിഡന്‍റ് ആയി ജോസ് വള്ളൂർ ഇന്ന് ചുമതല എൽക്കും. രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡന്റ് എം പി വിൻസെന്റിൽ നിന്നു ചുമതല സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ 
13 നിയമസഭാ സീറ്റുകളിൽ കോണ്ഗ്രസിന് ഒരു സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ വലിയ വെല്ലുവിളികളാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ കാത്തിരിക്കുന്നത്

കാസര്‍കോട് ഡിസിസിയുടെ പുതിയ പ്രസിഡന്‍റായി പി.കെ ഫൈസല്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് ജില്ലാ ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നേല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

കണ്ണൂർ ഡിസിസി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് ഇന്ന്ചുമതലയേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോണ്‍ഗ്രസ് ഭവനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും സ്ഥാനമേൽക്കൽ ചടങ്ങിൽ പങ്കെടുക്കും. നിലവിലെ ഡിസിസി പ്രസിഡന്‍റ് സതീഷൻ പാച്ചേനി അധ്യക്ഷത വഹിക്കും. പ്രധാനപ്പെട്ട ഭാരവാഹികൾ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക..

എറണാകുളം ഡിസിസി പ്രസിഡന്‍റായി മുഹമ്മദ് ഷിയാസ്‍ ഇന്ന് ചുമതലയേല്‍ക്കും. വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സാന്നിധ്യത്തിലാകും ചുമതലയേല്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ലെന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം.

വയനാട് ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി എൻഡി അപ്പച്ചൻ നാളെ ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. നിലവിലെ ഡിഡിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona