കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‍നാട് സ്വദേശി സഹായരാജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്താണ് മൃതദേഹം അടിഞ്ഞത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സഹായരാജുവിനൊപ്പം കാണാതായ രാജു, ജോണ്‍ബോസ്‍കോ എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവര്‍ക്കായി മറൈന്‍ എൻഫോഴ്‍സ്‍മെന്‍റിന്‍റെയും ഫിഷറീസ് വകുപ്പിന്‍റെയും ബോട്ടുകള്‍ തിരച്ചില്‍ നടത്തുകയാണ്. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സൈലത്‍മാതാ എന്ന ബോട്ടാണ് വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍  സ്റ്റാലിനും നിക്കോളാസും നീന്തി രക്ഷപ്പെടുകയായിരുന്നു.