വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവർക്കെതിരായ അച്ചടക്ക നടപടിയെ ഡീൻ കുര്യാക്കോസ് എംപി രൂക്ഷമായി വിമർശിച്ചു. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണണം. അമിതമായി അച്ചടക്കത്തിന്‍റെ ഉടവാൾ ഉയർത്തിക്കാണിക്കുന്ന കേഡർ പാർട്ടിയല്ല കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേർത്തു.

ഇടുക്കി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് പ്രവർത്തകർ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയമെന്നും അത് ഉൾക്കൊള്ളണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വൈകാരികമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്‍റെ പേരിൽ നടപടിയെടുക്കുന്നത് പരിഹാരമല്ല, ശരിയുമല്ല. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാൻ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടി കൊണ്ട് ഒരു കാര്യവുമില്ല. പ്രവർത്തകർ വേറെ എവിടെപ്പോയി പറയും? ഒന്നുകിൽ അവരുടെ വികാരങ്ങളെ ഉൾക്കൊള്ളുക, അല്ലെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് പരിഹാരമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

അമിതമായി അച്ചടക്കത്തിന്‍റെ ഉടവാൾ ഉയർത്തിക്കാണിക്കുന്ന കേഡർ പാർട്ടിയല്ല കോണ്‍ഗ്രസ് എന്ന് എല്ലാവർക്കുമറിയാം. ഇരുമ്പുവടം വലിച്ചു കെട്ടി പ്രവർത്തകരെ അച്ചടക്കത്തിനുള്ളിൽ ആക്കാമെന്ന് ആരും കരുതുന്നുമില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇടുക്കി ഡിസിസിയിലുണ്ടായ നടപടികളെ വിമർശിച്ചാണ് ഡീൻ കുര്യാക്കോസ് രംഗത്തെത്തിയത്.

YouTube video player