കെഎം ബഷീറിന്‍റെ മരണം; കുറ്റം നിഷേധിച്ച് ശ്രീരാം വെങ്കിട്ടരാമൻ, കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
മോട്ടോര്‍ വാഹന നിയമം (184), ഐപിസി 279,201, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്. കുറ്റകരമായ നരഹത്യ (304) ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് ശ്രീരാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം. മോട്ടോര്‍ വാഹന നിയമം (184), ഐപിസി 279,201, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫയ്ക്കെതിരായ കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസിൽ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.
കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിലെത്തി, ഹാജരായത് കോടതിയുടെ വിമർശനത്തെ തുടർന്ന്