Asianet News MalayalamAsianet News Malayalam

'മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോൾ'; ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്ത്

ഇന്നലെ മുതൽ ഇവരുടെ വിവരം ഉണ്ടായിരുന്നില്ലെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

Death of Malayalis in Arunachal more details out Police investigation continues
Author
First Published Apr 2, 2024, 10:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് രാവിലെ പത്തരയ്ക്കാണ് പൊലീസിന് വിവരം കിട്ടിയത്. കഴിഞ്ഞ മാസം 28നാണ് മൂന്ന് പേരും ഹോട്ടലിൽ എത്തിയത്. ഇന്നലെ മുതൽ ഇവരുടെ വിവരം ഉണ്ടായിരുന്നില്ലെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയില്‍ നിന്നും തെളിവ് ശേഖരണം പൂർത്തിയാക്കി. എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്ന് അരുണാചൽ പൊലീസ് അറിയിച്ചു.

കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗര്‍ പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് നാടിന് നടുക്കമുണ്ടാക്കിയ കൂട്ടമരണം ബന്ധുക്കളറിയുന്നത്. ഇറ്റാനഗറിന് സമീപത്തെ സിറോ എന്ന സ്ഥലത്ത് ഹോട്ടലിൽ മുറിയിലാണ് നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ‍കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പര്‍ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലൻ മാധവന്‍റെയും ക്രൈസ്റ്റ് നഗറിലെ അധ്യാപിക ലതയുടേയും ഏക മകളാണ് മരിച്ച ദേവി. ഭര്‍ത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശിയും റിട്ടയേഡ് ഉദ്യോഗസ്ഥരായ എൻഎ തോമസിന്‍റെയും അന്ന തോമസിന്റെയും മകനുമാണ്. നഗരത്തിലെ ചെമ്പക സ്കൂളിലെ അധ്യാപികയാണ് മരിച്ച ആര്യ. മേലത്ത്മേല സ്വദേശി അനിൽകുമാറിന്‍റെ ഏകമകളാണ്. 

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭര്‍ത്താവ് നവീനും സമാന ദിവസങ്ങളിൽ സ്ഥലത്തില്ലെന്ന് മാത്രമല്ല അവര്‍ വിനോദയാത്രക്ക് പോയെന്നും ബന്ധുക്കളിൽ നിന്ന് വിവരം കിട്ടി. ഇതെ തുടര്‍ന്ന് പൊലീസും പിന്തുടര്‍ന്നു. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവായി. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ജര്‍മൻ ഭാഷ പഠിച്ച ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും ഒരേ സ്കൂളിൽ അധ്യാപകരായിരുന്നു. ദേവി സ്കൂൾ വിട്ട ശേഷവും സൗഹൃദം തുടര്‍ന്നു എന്നാണ് പൊലീസ് പറയുന്നത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios