കണ്ണൂര്‍: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയയായ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കമ്മീഷൻ ഇടപെടേണ്ട സാഹചര്യമില്ലെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ വ്യക്തമാക്കി.

സാജന്‍റെ ആത്മഹത്യയിൽ വീഴ്ച പറ്റിയെന്നാരോപിച്ച് ശ്യാമളയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെയടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ശ്യാമളയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. 

ആന്തൂർ വിഷയത്തിൽ നിലവിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് മാത്രമാണ് ശ്യാമളയ്ക്ക് എതിരായ നിലപാട് എടുത്തിരിക്കുന്നത്. പൊതുയോഗം വിളിച്ചു ശ്യാമളയുടെ പിഴവുകൾ തുറന്നു പറയുകയും നടപടി ഉറപ്പ് നൽകുകയും ചെയ്ത പി ജയരാജൻ അടക്കമുള്ള നേതാക്കൾ സംസ്ഥാന സമിതിയുടെ  വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സാജന്റെ ആത്മഹത്യയിൽ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിക്കുകയാണ് പി ജയരാജൻ.

കെട്ടിടനിർമാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. പക്ഷേ അതിൽ ഒരു കാലതാമസം വന്നാൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, അത് നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. അത് ശ്യാമള ഉൾക്കൊള്ളണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. 'മലയാളം' വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. 

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.