വയനാട്: മുൻപെങ്ങും കണ്ടിട്ടില്ലാത്ത അത്രവലിയ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് വയനാട് മേപ്പാടിയിലെ പുത്തുമലയിൽ. ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ സംഖ്യ ഉയരുകയാണ്. സൈന്യം അടക്കം നൂറ് കണത്തിന് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്.

വലിയൊരു മല ഇടിഞ്ഞു താഴ്ന്ന് അപ്പാടെ കുത്തിയൊഴുകിയ ഞെട്ടിക്കുന്ന കാഴ്ചയാണ് അവിടെ എത്തിപ്പെട്ടവര്‍ക്ക് കാണാൻ കഴിയുന്നത്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ,  പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ ഉള്ളത്. നൂറേക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കിൽ ഒഴുകിപ്പോയ നിലയിലാണ്. 

പ്രദേശത്തേക്കുള്ള വഴിയെല്ലാം അടഞ്ഞുപോയ അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും അവിടേക്കുള്ള യാത്ര ദുഷ്കരമായ സാഹചര്യമാണ്. പരിക്കേറ്റവരെ മേപ്പാടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയാണ്. ആംബുലൻസിന് കടന്ന് പോകാനുള്ള താൽകാലിക വഴിമാത്രമാണ് ഇപ്പോൾ ഉള്ളത്. പ്രദേശത്തെ തന്നെ സുരക്ഷിതമെന്ന് വിലയിരുത്തിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ ആളുകളെ എല്ലാം അവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. 

ഇടക്കിടെ ചെറിയ ഉരുൾപ്പൊട്ടലുകൾ വീണ്ടും വീണ്ടും ഉണ്ടാകുന്ന അവസ്ഥയാണ്. പ്രദേശം തീരെ സുരക്ഷിതമല്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. ഒരു കുട്ടിയടക്കം ഏഴ് പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നാൽപ്പത് പേരെ എങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

തുടര്‍ന്ന് വായിക്കാം:മേപ്പാടി പുത്തുമലയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ച; മൂന്ന് മൃതദേഹം കിട്ടി, പ്രദേശമാകെ ഒലിച്ചുപോയി