Asianet News MalayalamAsianet News Malayalam

വധഭീഷണി; ഒളിമ്പ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം

ഏകദേശം അഞ്ച് വര്‍ഷം മുമ്പ് ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചുമാണ് മയൂഖ ജോണി പത്രസമ്മേളനം നടത്തിയത്.

Death threats; Category B protection for Olympian Mayuka Johnny
Author
Thrissur, First Published Sep 29, 2021, 7:38 PM IST

തൃശൂർ: ഒളിമ്പ്യൻ മയൂഖ ജോണിക്ക് (Mayookha Johny) ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ യോഗ തീരുമാനം. സുഹൃത്തിനെ  പീഡിപ്പിച്ച കേസിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാർത്താസമ്മേളനം നടത്തിയതിനെ തുടർന്ന് വധഭീഷണി(Death Threat) ലഭിച്ച സാഹചര്യത്തിലാണ് ബി കാറ്റഗറി(B Category) യിലുള്ള സംരക്ഷണം നൽകാൻ തീരുമാനിച്ചത്. ഭീഷണികത്ത് അയച്ച വ്യക്തിക്കെതിരെ ആളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഏകദേശം അഞ്ച് വര്‍ഷം മുമ്പ് ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചുമാണ് മയൂഖ ജോണി പത്രസമ്മേളനം നടത്തിയത്. തുടര്‍ന്ന് ആളൂര്‍ പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. 

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ രൂപീക‍ൃതമായ വിറ്റ്നസ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുമായ പി.ജെ. വിന്‍സന്റിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി വിളിച്ചുകൂട്ടിയ കമ്മിറ്റി യോഗത്തിലാണ് സംരക്ഷണം നൽകാൻ തീരുമാനമായത്. 

യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (റൂറല്‍) ജി.പൂങ്കുഴലി തൃശൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് (സിറ്റി) പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ എന്നിവര്‍ പങ്കെടുത്തു. കമ്മിറ്റി മയൂഖ ജോണിയുമായി ഗൂഗിള്‍ മീറ്റ് മുഖേന സംസാരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

സംരക്ഷണത്തിന്റെ പൊതുവായ ചുമതല ഇരിങ്ങാലക്കുട ഡിവൈഎസ്പിയ്ക്ക് നല്‍കുന്നതിനും സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാല്‍ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ നിയോഗിക്കുന്നതിനും കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. 

സുപ്രീംകോടതിയുടെ വിധി പ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഗൗരവതരമായ കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം പ്രകാരം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുളളതാണ്. ഗുരുതര കുറ്റകൃത്യങ്ങളിലെ സാക്ഷികള്‍ക്ക് പ്രതികളില്‍ നിന്നും മറ്റും ഉണ്ടാകുന്ന ഭീഷണികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനും, നിര്‍ഭയമായി കോടതിയില്‍ ഹാജരായി സാക്ഷി മൊഴി നല്‍കുന്നതിനും ആവശ്യമായ സംരക്ഷണം നല്‍കുന്നതിനുമാണ് വിറ്റ്നസ് പ്രൊട്ടക്ഷന്‍  കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios