കോഴിക്കോട്: കുടിശിക പെരുകിയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുളള മരുന്നിന്‍റെയും ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പ്രതിസന്ധിയില്‍. കുടിശിക തീര്‍ക്കാതെ ഇനി വിതരണം നടത്താനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചു. സ്റ്റെന്‍റ് വിതരണ കമ്പനികള്‍ക്ക് മാത്രം 18 കോടിയോളം രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് നല്‍കാനുളളത്. 

കാരുണ്യ, ആര്‍എസ്ബിവൈ, ചിസ് പ്ലസ്, തുടങ്ങിയ പദ്ധതികളുടെ ഭാഗമായി മരുന്നുകളും സ്റ്റെന്‍റും വാങ്ങിയ ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിവിധ കമ്പനികള്‍ക്ക് നല്‍കാനുളളത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആശുപത്രി വികസന സമിതിയുമായി കരാറുണ്ടാക്കിയ കമ്പനികളാണ് തുക കിട്ടാതെ പ്രതിസന്ധിയിലായത്. 

കാരുണ്യ പദ്ധതിയില്‍ നിന്നും 2018 ഏപ്രിലിന് ശേഷം പണം കിട്ടിയിട്ടില്ലെന്ന് കമ്പനികള്‍ പറയുന്നു. ആര്‍എസ്ബിവൈയില്‍ നിന്ന് കഴിഞ്ഞ ഡിസംബറിന് ശേഷം പണം കിട്ടിയിട്ടില്ല. ഗത്യന്തരമില്ലാതെ നല്‍കിയ സ്റ്റോക് തിരിച്ചെടുക്കാനായി സ്റ്റെന്‍റ് വിതരണ കമ്പനികള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാത്ത് ലാബിലെത്തി. ഇവരെ ആശുപത്രി അധികൃതര്‍ തടഞ്ഞു. 

ആര്‍എസ്ബിവൈ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച ശേഷം കുടിശിക കാര്യത്തില്‍ സര്‍ക്കാരും റിലയന്‍സ് ഇന്‍ഷുറന്‍സും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഇനി പണം നല്‍കാന്‍ ബാക്കിയില്ലെന്ന് ധനവകുപ്പ് പറയുന്നു. 

അതേസമയം, കാരുണ്യ സ്കീം പ്രകാരം നല്‍കാനുളള പണത്തിന്‍റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും തുക ഉടന്‍ അനുവദിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി. കമ്പനികള്‍ മരുന്ന്- സ്റ്റെന്‍റ് വിതരണം നിര്‍ത്തി വച്ചാല്‍ നിര്‍ധനരായ ആയിരക്കണക്കിന് രോഗികളുടെ ചികില്‍സ അവതാളത്തിലാകും.