Asianet News MalayalamAsianet News Malayalam

'നട്ടെല്ലുള്ളൊരു നേതാവേ'.. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ, അന്തിമോപചാരമര്‍പ്പിച്ച് നേതാക്കള്‍

ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനിന്ന ആര്യാടൻ ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. 

Deceased aryadan muhammed s cremation tomorrow
Author
First Published Sep 25, 2022, 6:34 PM IST

കോഴിക്കോട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യടൻ മുഹമ്മദിന്റെ സംസ്‍ക്കാരം നാളെ. രാവിലെ 9 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‍ക്കാര ചടങ്ങുകൾ. ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനിന്ന ആര്യാടൻ ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. രാവിലെ 7.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി ചികിൽസയിലായിരുന്നു. 

ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്ന അദ്ദേഹം സമീപകാലത്ത് വീണ് പരിക്കേറ്റതിനെ തുടർന്ന്  ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ള  ബന്ധുക്കൾ മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കെപിഎ മജീദ് അടക്കമുള്ള ലീഗ് നേതാക്കൾ മരണവാർത്തയറിഞ്ഞ് ആശുപത്രിയിൽ എത്തി.

മൃതദേഹം പതിനൊന്ന് മണിയോടെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു. ഭാരത് ജോ‍‍ഡോ യാത്ര നയിക്കുന്ന രാഹുൽഗാന്ധി 12 മണിയോടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും വീട്ടിലെത്തി. എട്ട് തവണ നിലമ്പൂരിനെ പ്രതിനിധീകരിച്ച നേതാവിനെ അവസാനമായി കാണാൻ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനം നിലമ്പൂരിലേക്ക് ഒഴുകിയെത്തി. 

വൈകിട്ട് നാല് മണിയോടെ മൃതദേഹം പൊതുദർശനത്തിനായി മലപ്പുറം ഡിസിസി ഓഫീസിൽ എത്തിച്ചു. ദിർഘകാലം ആര്യാടന്‍റെ നിഴലായി നടന്ന പാർട്ടി പ്രവർത്തകർ ഉൾപ്പടെ നൂറുകണക്കിനാളുകൾ കോൺഗ്രസ് ഓഫീസിൽ കാത്തുനിൽപ്പുണ്ടായിരുന്നു. നട്ടെല്ലുള്ളൊരു നേതാവേ നിലപാടിന്‍റെ രാജകുമാര തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ആര്യന്‍റെ ഭൗതിക ശരീരത്തെ എതിരേറ്റു. മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിൽ അന്തിമോപചാരമർപ്പിക്കാൻ എത്തി.

Follow Us:
Download App:
  • android
  • ios