Asianet News MalayalamAsianet News Malayalam

'കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ 332 കോടി കുറച്ച തീരുമാനം പിൻവലിക്കണം'; കേന്ദ്രത്തിന് ധനമന്ത്രിയുടെ കത്ത്

അന്തർ സംസ്ഥാന ചരക്കു സേവന ഇടപാടുകൾക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്നു ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

decision to reduce IGST share of Kerala by 332 crores should be withdrawn letter to central minister btb
Author
First Published Dec 2, 2023, 7:44 PM IST

പാലക്കാട്: കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐജിഎസ്ടി സെറ്റിൽമെന്‍റ് വിഹിതത്തിൽ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. നടപടി സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു കത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. അന്തർ സംസ്ഥാന ചരക്കു സേവന ഇടപാടുകൾക്കുള്ള നികുതി (ഐജിഎസ്ടി) സെറ്റിൽമെന്റിന്റെ നവംബറിലെ വിഹിതത്തിലാണ് 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്നു ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഐജിഎസ്ടി ബാലൻസിലെ കുറവ് നികത്തുന്നതിനായി മുൻകൂർ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റിൽമെന്റിൽ 332 കോടി രൂപയുടെ കുറവു വരുത്തുന്നതായാണ് കേന്ദ്രത്തിൽനിന്ന് ഇതു സംബന്ധിച്ചു ലഭിച്ച അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവു വരുത്തിയതെന്നോ ഏതു കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുറവു വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റിൽമെന്റിന്റെ ഭാഗമായുള്ള നടപടിയാണെങ്കിൽ അതിന് അടിസ്ഥാനമാക്കിയ കണക്കുകൾ സംസ്ഥാനത്തിനും കൈമാറണം.

മുൻകാലങ്ങളിൽ ഇതേ രീതിയിൽ നടത്തിയിട്ടുള്ള സെറ്റിൽമെന്റുകളിൽ സംസ്ഥാനങ്ങളിൽനിന്നു തിരിച്ചു പിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ഐജിഎസ്ടി സെറ്റിൽമെന്റുകളുടെ കണക്കുകൂട്ടൽ രീതികൾ സംബന്ധിച്ച് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച നടത്തണം. സംസ്ഥാന വിഹിതത്തിൽനിന്നു വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താൻ ഇത് ഉപകരിക്കും.

നിലവിലുള്ള ഐജിഎസ്ടി സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോർച്ച തടഞ്ഞു ജിഎസ്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതും കേന്ദ്രത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട കുടിശിക അനുവദിക്കുന്നതും സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇതിൽ തീരുമാനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഐജിഎസ്ടി സെറ്റിൽമെന്റിൽ ഇപ്പോൾ വരുത്തിയിട്ടുള്ള കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതാണെന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

'2045ഓടെ പ്രമേഹബാധിതരുടെ എണ്ണം 783 ദശലക്ഷത്തിലെത്തും'; ഭയാനകമായ അവസ്ഥ മറ്റൊന്നെന്ന് വിദഗ്ധര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios