രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങളുടെ നിർമ്മാണം സാധ്യമാക്കുക വഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ദില്ലി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി. ഡിആർഡിഒ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ സാങ്കേതികവിദ്യകളാണ് ഉൽപ്പാദനത്തിനായി യോഗ്യരായ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുന്നത്. രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങളുടെ നിർമ്മാണം സാധ്യമാക്കുക വഴി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ നിർണായക തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതും കൃത്യമായ യോഗ്യതയും മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്കായിരിക്കും ഈ ടെക്നോളജി ട്രാൻസ്ഫർ ലഭ്യമാകുക. ആത്മനിർഭർഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക കുതിപ്പിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ ഈ സുപ്രധാന നീക്കം ഇന്ത്യയെ ആഗോളതലത്തിലെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.