മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാടകീയ രംഗങ്ങൾ. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിലാണെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, ഇത് അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.  

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിന്റെ ചിത്രങ്ങൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ആരോഗ്യനില അതീവ ഗുരുതരമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച മെഡിക്കൽ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ശങ്കർദാസിന്റെ ചികിത്സ സംബന്ധിച്ച കൃത്യമായ വിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കൂ. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ജനുവരി 14-ലേക്ക് കോടതി മാറ്റി വെച്ചിരിക്കുകയാണ്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നത് വലിയ ഭക്തജനരോഷത്തിന് കാരണമായിരുന്നു.

'ദൈവത്തെ പോലും വെറുതെ വിട്ടില്ല'; കെപി ശങ്കർദാസിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ദൈവത്തെ പോലും കൊള്ളയടിക്കാൻ മടിക്കാത്ത അവസ്ഥയാണുണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിൽ കടുത്ത പരാമർശങ്ങൾ നടത്തിയത്. സ്വർണ്ണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി നേരത്തെ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശങ്കർദാസ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, അറസ്റ്റ് ഭീഷണിയുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാമെന്ന് നിർദ്ദേശിച്ചു. പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യാപേക്ഷ നൽകാനാണ് കോടതി പറഞ്ഞത്. 2019-ലെ ബോർഡ് അംഗങ്ങളായ ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഹൈക്കോടതിയും നേരത്തെ ചോദിച്ചിരുന്നു. ഉന്നതരായ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ശബരിമലയിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കൊള്ള നടന്നതെന്ന സൂചനകളാണ് കോടതി നിരീക്ഷണങ്ങളിലൂടെ പുറത്തുവരുന്നത്.